കൊച്ചി വാട്ടർ മെട്രോയുടെ സർവ്വീസ് കൂട്ടുന്നു, 20 ടെർമിനലുകൾ കൂടി നിർമ്മിക്കും

എറണാകുളം : കൊച്ചി വാട്ടർ മെട്രോയുടെ സർവ്വീസ് കൂട്ടാൻ തീരുമാനമായി. കൂടുതൽ ജലപാതകളെ ബന്ധിപ്പിച്ച് 20 ടെർമിനലുകൾ പുതുതായി നിർമ്മിക്കാനാണ് തീരുമാനം. ഇതിനുള്ള ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്. പുതുതായി നിർമ്മിക്കുന്ന 20 ടെർമിനലുകളിൽ 16 എണ്ണത്തിന്റെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു.

നെട്ടൂർ, തൈക്കൂടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ്. പുതിയ ടെർമിനലുകൾ എത്തുന്നതോടെ 10 ദ്വീപുകളിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയിൽ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് ഉള്ളത്. വാട്ടർ മെട്രോയ്ക്കായി കൊച്ചിൻ ഷിപ്പിയർഡാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. നേരത്തെ പണി ആരംഭിച്ച ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ പുതിയ ടെർമിനലുകളുടെ പണി അവസാനഘട്ടത്തിൽ എത്തിയിട്ടുണ്ട്.