തട്ടിക്കൊണ്ടുപോകൽ സംഘം മറ്റു കുട്ടികളെയും ലക്ഷ്യംവെച്ചു, പള്ളിക്കലിൽ മറ്റൊരു ശ്രമം നടത്തി, ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തിയിരുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിക്കൽ മൂതലയിൽ കുട്ടിയെതട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച മുന്നരയ്ക്കായിരുന്നു. ആയുർവേദ ആശുപത്രിക്ക് സമീപത്തെ റോഡിലായിരുന്നു ആദ്യ ശ്രമം.

എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേയ്ക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.

ആറുവയസുകാരിയെ തട്ടിയത്കൊണ്ട് പോയ സംഭവത്തിൽ കാറിനെ കുറിച്ചോ കൃത്യത്തിൽ ഏർപ്പെട്ട വ്യക്തികളെ കുറിച്ചോ ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. വെള്ള കാർ തേടി കഴിഞ്ഞദിവസം അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലും എടുത്തു. എന്നാൽ കാറിനോ കസ്റ്റഡിയിലെടുത്ത വ്യക്തികൾക്കോ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.