കാൻസർ വന്നപ്പോൾ പോലും അവർ തിരിഞ്ഞു നോക്കിയിട്ടില്ല,ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം- കൊല്ലം തുളസി

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപാണ് നടന് കാൻസർ പിടിപെട്ടത്. അതിനു മുൻപ് ഭാര്യയും മകളും ഉപേക്ഷിച്ച് പോയതും വാർത്തയായിരുന്നു. തനിക്ക് അസുഖമാണെന്ന് വാർത്ത വന്നപ്പോൾ പോലും ഒന്ന് അന്വേഷിക്കാനോ തിരിഞ്ഞുനോക്കാനോ ഭാര്യയും മകളും തയ്യാറയില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

എന്റെ മകളോ ഭാര്യയോ ഒന്നും തിരിഞ്ഞു നോക്കിയിട്ടില്ല. എനിക്ക് അസുഖം വന്നപ്പോൾ വല്ലതും സംഭവിച്ചോ എന്നാണ് ചോദിച്ചത്. സംഭവിച്ചിട്ടുണ്ടെങ്കിൽ വന്ന് കണ്ട് പോകാമല്ലോ. അതല്ലാതെ ഒന്ന് വന്ന് കാണുന്നവരോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരോ അല്ല അവർ. എനിക്ക് എന്തെങ്കിലും സംഭവിക്കണം എന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. അതിന് വേണ്ടി കാത്തിരിക്കുന്നവരാണ് എന്റെ ബന്ധുക്കളിൽ കൂടുതൽ പേരും.

എന്റെ സഹായങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയവരാണ് ഈ ബന്ധുക്കൾ. എന്നിൽ നിന്നും സഹായങ്ങൾ ഒരുപാട് ലഭിച്ചിട്ടുള്ളവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കൾ. ‘ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്. ഞാൻ കഷ്ടപ്പെട്ട് വെച്ച വീട് പോലും അവരുടേത് ആണെന്ന് പറഞ്ഞ് എന്നെ തെരുവിലിറക്കാൻ കേസ് കൊടുത്തയാളാണ് ഭാര്യ. അവരുമായി എങ്ങനെ ഒന്നിച്ചുപോകും. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. പുതിയ ട്രെൻഡ് അങ്ങനെയാണല്ലോ, ഒന്ന് ജീവിക്കുക, അത് കഴിഞ്ഞ് ഗുഡ് ബൈ പറയുക. അത്രയേ ഉള്ളൂ

ഭാര്യയെയും മക്കളെയും സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കാം അവർ അകന്ന് പോകാനുണ്ടായ കാരണം. അങ്ങനെ ഇരിക്കട്ടെ. എനിക്കാ ബന്ധം വേണമെന്ന് ഇല്ല. ഭാര്യയുടെയും മകളുടെയും പേജ് എന്റെ ജീവിതത്താളുകളിൽ നിന്ന് വലിച്ച് കീറിക്കളഞ്ഞു. അവർക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ലെന്ന തിരിച്ചറിവും എനിക്കുണ്ട്. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചെന്നൊരു ചൊല്ലുണ്ട്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അതാണ്. ഭാര്യയുടെ കാര്യത്തിൽ സംഭവിച്ചതും അത് തന്നെ.