വെടിയേൽക്കുമ്പോൾ മീര 2 മാസം ഗർഭിണി, വിശ്വസിക്കാനാവാതെ കോട്ടയത്തെ നാട്ടുകാർ

മലയാളി യുവതിയെ ചിക്കാഗോയിൽ ഭർത്താവ് വെടിവെച്ചത് ഞെട്ടലോടെയാണ് കോട്ടയത്തെ ഉഴവൂരുകാർ കേട്ടത്. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.

വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. അതേസമയം വാർത്ത കേട്ടപ്പോൾ നടുങ്ങിപ്പോയെന്നാണ് മീരയുടെ നാട്ടുകാർ പ്രതികരിച്ചത്.

പുറമേയ്ക്ക് വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന അമൽ റെജിക്കും മീരയ്ക്കുമിടയിൽ ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ ഇരുവരുടേയും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴും ഇരുവരും സന്തുഷ്ടരായിരുന്നുവെന്ന് ഉഴവൂരിലെ മീരയുടെ അയൽവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നു. മീര കുട്ടിക്കാലം മുതൽ എല്ലാവർക്കും മാതൃകയായി വളർന്ന കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. മീരയുടെ ഉഴവൂരിലെ വീട് അടച്ചിട്ടിരിക്കുകയാണ്. മാതാപിതാക്കൾ സഹോദരനൊപ്പം യുകെയിലാണ്. മീരയുടെ ഇരട്ട സഹോദരി ചിക്കാഗോയിൽ തന്നെയുണ്ട്.

രണ്ട് തവണയാണ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. പോയിൻറ് ബ്ലാങ്കിലാണ് അമൽ മീരയെ വെടിയുതിർത്തത്. മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. അമലിന്റെ അറസ്റ്റ് സംബന്ധിച്ചു ഔദ്യോഗിക റിപ്പോർട്ട് ഇന്നു പുറത്തു വരുമെന്നു കരുതുന്നു.