ജീവിതത്തില്‍ ഇഷ്ടമില്ലാതെ ചെയ്തത് ആ കഥാപാത്രം, കെപിഎസി ലളിത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം. നാടകരംഗത്ത് സജീവമായിരുന്ന കെപിഎസി ലളിത തോപ്പില്‍ഭാസി ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. ഇന്നും സിനിമയില്‍ സജീവമാണ് താരം. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കെപിഎസി ലളിതയുടെ പല കഥാപാത്രങ്ങളും ഏറെ ശ്രിദ്ധിക്കപ്പെട്ടതാണ്.

ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെടാതെ ചെയ്ത ചിത്രത്തിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കെപിഎസി ലളിത. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 1971ല്‍ പുറത്തിറങ്ങിയ ‘ശരശയ്യ’ എന്ന സിനിമയിലെ കഥാപാത്രം ഇഷ്ടമല്ലാതെയാണ് ചെയ്തതെന്നാണ് നടി പറയുന്നത്. അത് സുകുമാരിയെ പോലെ ഒരു നടി ചെയ്യേണ്ട വേഷമായിരുന്നു, ആത്മ സംതൃപ്തിയില്ലാതെയാണ് ആ ചിത്രം ചെയ്തതെന്നും കെപിഎസി ലളിത പറഞ്ഞു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ എന്റെ സിനിമ ജീവിതത്തില്‍ ഇഷ്ടമല്ലാതെ ചെയ്തത് ഒരു കഥാപാത്രമേയുള്ളൂ അത് 1971ല്‍ പുറത്തിറങ്ങിയ ‘ശരശയ്യ’ എന്ന സിനിമയിലേതാണ്. ‘ഗേളി’എന്ന മോഡേണ്‍ കഥാപാത്രമായിരുന്നു അത്. ഞാന്‍ ചെയ്താല്‍ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്. സുകുമാരി ചേച്ചിയൊക്കെ ചെയ്താല്‍ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോള്‍ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്.

തോപ്പില്‍ ഭാസി സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, മധു, ഷീല, ജയഭാരതി തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. സത്യന്‍ മാഷിന്റെ അമ്മയായി പൊന്നമ്മ ചേച്ചി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ശരശയ്യ.- കെപിഎസി ലളിത പറഞ്ഞു.