ഈ അഞ്ച് പെണ്‍സുന്ദരികളുടെ നാഥന്‍ ഇനി തിരുവനന്തപുരത്തിന്റെ നാഥനാവാം, കൃഷ്ണകുമാര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരംഭം കുറിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടന്‍ കൃഷ്ണ കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം അദ്ദേഹം ആരംഭിച്ചു. ഓരോ വീടുകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ലഭിക്കുന്നച്. താരത്തിന് പിന്തുണ അറിയിച്ച് നേരത്തെ മക്കളും രംഗത്ത് എത്തിയിരുന്നു. കൃഷ്ണ കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

‘ഈ അഞ്ച് പെണ്‍സുന്ദരികളുടെ നാഥന്‍ ഇനി തിരുവനന്തപുരത്തിന്റെ നാഥനാവാം. സ്ത്രീ സുരക്ഷയ്ക്കായി, ഒത്തൊരുമയ്ക്കായി, നല്ല നാളേയ്ക്കായി, ചരിത്രത്തിന്റെ താമര വിരിയട്ടെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കൃഷ്ണ കുമാറും കുടുംബവുമാണ് വീഡിയോയില്‍ ഉള്ളത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്.

തിരുവനന്തപുരത്ത് ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ടോയ്‌ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാന്‍ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകള്‍, ഡ്രെയ്‌നേജ് മാലിന്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. താരത്തിന്റെ മകള്‍ അഹാന കൃഷ്ണകുമാറും സിനിമയില്‍ തിരക്കുള്ള നായികയാണ്. തന്റെ ബിജെപി ആഭിമുഖ്യം വെളിപ്പെടുത്തിയും കൃഷ്ണ കുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.