ശ്രീധരന്‍ പിള്ളയെ നേരിട്ട് കണ്ട ഞാന്‍ അനുഗ്രഹീതന്‍; കുറിപ്പ് പങ്കുവെച്ച് കൃഷ്ണകുമാര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാര്‍. ഗോവ ഗവര്‍ണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. കേരള രാജ്ഭവനില്‍ വച്ച്‌ ശ്രീധരന്‍ പിള്ളയെ കണ്ടത് സമൂഹമാധ്യമത്തിലൂടെ മനോഹരമായ കുറിപ്പിനൊപ്പമാണ് ആരാധകരോട് കൃഷ്ണകുമാര്‍ പങ്കുവച്ചത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

നമ്മുടെ ദിനങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും നന്മയോടെ ആണെങ്കില്‍, നമ്മള്‍ അനുഗ്രഹീതരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ രണ്ടു പേരെ സഹായിച്ചു ദിവസം അവസാനിപ്പിക്കുക. മനസ്സുഖത്തോടെ ഉറങ്ങാന്‍ കഴിയും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ബഹുമാന്യനായ ഗോവ ഗവര്‍ണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരന്‍പിള്ള (പിള്ള ചേട്ടന്‍) ന്റെ ഫോണ്‍ വന്നു. ‘നാളെ ഞാന്‍ തിരുവനന്തപുരത്തു വരുന്നുണ്ട്. രാവിലെ 8 മണിക്ക് ഫ്രീ ആണെങ്കില്‍ കേരള രാജ്ഭവനില്‍ വെച്ച്‌ കാണാം.’ രാവിലെ തന്നെ രാജ് ഭവനില്‍ ഹാജരായി. എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങള്‍ സംസാരിച്ചു.

അഭിഭാഷകനും കൂടി ആയതിനാല്‍ ചേട്ടനോട് സംസാരിക്കുമ്പോള്‍
രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും. ഇതിനും പുറമെ ചേട്ടന്റെ കവിത സമാഹാരമായ Oh, Mizoram മിനെക്കുറിച്ചും ഇന്നു സംസാരിച്ചു. ഇറങ്ങാന്‍ നേരം ചേട്ടന്‍ രചിച്ച മറ്റൊരു പുസ്തകമായ Justice for All, Prejudice to None, എന്ന പുസ്തകത്തിന്റെയും ഒരു കോപ്പി എനിക്ക് സമ്മാനിച്ചു.

വളരെ സന്തോഷത്തോടെ ഇന്നേ ദിവസം ആരംഭിച്ചു. വളരെ വലിയ
പദവിയിലിരിക്കുമ്പോഴും സ്നേഹത്തോടെയും കാരുണ്യത്തോടെയും, ഇടപെടുകയും സംസാരിക്കുകയും ചെയ്തു, ഇന്നത്തെ എന്റെ ദിനം സുദിനമാക്കിയ പിള്ളേചേട്ടനോട് നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. ഏവര്‍ക്കും ഒരു സുദിനം ആശംസിക്കുന്നു. ജയ്ഹിന്ദ്..