കെഎസ്ആർടിസി ബസിന് മുന്നിലേക്ക് കാർ ഇടിച്ചുകയറി, വയോധികക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ പാതിരപ്പള്ളി ജംക്ഷൻ തെക്ക് കെ.എസ്. ആർ.ടി.സി ബസിൽ കാർ ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. അധ്യാപകരായ മകളും മരുമകനും ഗുരുതര പരിക്ക്. ചുനക്കര പനവിളയിൽ രാധമ്മ(75)യാണ് മരിച്ചത്. രാധമ്മയുടെ മകൾ ജയശ്രീ(54), ഇവരുടെ ഭർത്താവ് രാജീവ്(59) എന്നിവർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ചേർത്തലക്ക് പോവുകയായിരുന്ന ബസിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. രാജീവാണ് കാർ ഓടിച്ചിരുന്നത്. തലക്ക് സാരമായി പരിക്കേറ്റ രാധമ്മയെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജീവിന്റെ വലത് കാൽ ഒടിയുകയും തലയിൽ രക്തസ്രാവവുമുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശ്രീയെ വൈകുന്നേരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മലപ്പുറം പുളിക്കൽ ഹൈസ്കൂളിലെ റിട്ട. അധ്യാപികയായ രാധമ്മ മകളോടൊപ്പം മലപ്പുറത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച ചെറിയനാട്ടിലെ രാജീവിന്റെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റിട്ട. ഹെഡ്മാസ്റ്ററാണ് രാജീവ്. ജയശ്രീ മലപ്പുറം പുളിക്കൽ ഹൈസ്കൂളിലെ അധ്യാപികയാണ്. സ്കൂളിന് സമീപം ശ്രീരാഗം വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കുടുംബവീട് ചുനക്കര പനവിളയിലാണെങ്കിലും വീട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അധ്യാപകരായ രാജശ്രീയും വിജയശ്രീയുമാണ് രാധമ്മയുടെ മറ്റ് മക്കൾ.