മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം, പറഞ്ഞത് പച്ചക്കള്ളം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തിരുവനന്തപുരം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞെന്നും ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയപ്പോള്‍ സീറ്റ് നല്‍കികയത് കണ്ടക്ടര്‍ സുബിനാണ്.

കണ്ടക്ടര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അവന്‍ മുന്നിലാണ് ഇരുന്നത്. എംഎല്‍എ ബസില്‍ കയറിപ്പോള്‍ സഖാവെ ഇരുന്നോളൂ എന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൊടുക്കുകയായിരുന്നു. എന്നിട്ട് ബാക്കിലാണ് ഇരുന്നതെന്ന് കള്ളം പറയുകയായിരുന്നു’ – യദു പറഞ്ഞു. കണ്ടക്ടര്‍ പാര്‍ട്ടിക്കാരനായതുകൊണ്ട് അദ്ദേഹത്തിന്റെ ഇടപെടല്‍ സംശയിക്കുന്നു. അവന് പാര്‍ട്ടി ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായിട്ടുണ്ടെന്ന് കരുതുന്നതായും യദു കൂട്ടിച്ചേര്‍ത്തു.

നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓര്‍മയിലില്ല. അന്നേദിവസം വഴിക്കടവ് റൂട്ടിലായിരുന്നോ ജോലി ചെയ്തതെന്ന് കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂള്‍ നോക്കണം. രണ്ടുവര്‍ഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും യദു പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ കോടതിയില്‍ യദു ഹര്‍ജി നല്‍കിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് മേയര്‍ക്കെതിരായ ഡ്രൈവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എംഎല്‍എക്കെതിരായ പരാതി. കോടതി മേല്‍നോട്ടത്തിലോ നിര്‍ദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.