മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചു; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും ഗതാഗത മന്ത്രി

തിരുവനന്തപുരം. മകളുടെ കണ്‍സഷന്‍ പുതുക്കുവാന്‍ എത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. അമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്. പ്രേമന്‍ പഞ്ചായത്ത് ജീവനക്കാരനാണ്. പ്രേമന്റെ മകളും സുഹൃത്തും മര്‍ദ്ദനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. കണ്‍സഷന്‍ നല്‍കണമെങ്കില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് മുമ്പ് നല്‍കിയതാണെന്നും ഇത് വീണ്ടും നല്‍കാതെ കണ്‍സഷന്‍ നല്‍കാന്‍ കഴിയില്ലേയെന്ന് പ്രേമന്‍ ചോദിച്ചു. എന്നാല്‍ തരുവാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ആളുകളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഇങ്ങനെയാകുവാന്‍ ഇതാണ് കാരണമെന്നും പ്രേമന്‍ പറഞ്ഞതോടെ വലിയ തര്‍ക്കം ആരംഭിച്ചു. പിന്നീലെ നിരവധി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘടിച്ചെത്തി പ്രേമനെ മര്‍ദ്ദിക്കുകയായിരുന്നു.

മകളുടെ മുന്നില്‍ പ്രേമനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. മകള്‍ അച്ഛനെ ഒന്നും ചെയ്യരുതെന്ന് അപേക്ഷിക്കുന്നുണ്ടെങ്കിലും ഇത് കേള്‍ക്കുവാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തയ്യാറാകുന്നില്ല. ജീവനക്കാര്‍ തന്നെയും മര്‍ദ്ദിച്ചുവെന്ന് പ്രേമന്റെ മകള്‍ പറയുന്നു. പ്രേമനെ തല്ലുന്നവരെ മകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ദുഖകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു സംഭവത്തോട് പ്രതികരിച്ചു.