ആര്‍എസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ വിറളി പിടിച്ച് കെ ടി ജലീല്‍ എംഎല്‍എ

തിരുവനന്തപുരം. ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ചയില്‍ വിറളിപിടിച്ച് പ്രതിഷേധവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. ആര്‍എസ്എസുമായി അവര്‍ക്ക് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ ഇന്ത്യന്‍ മുസ്ലീമിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത് ഇവരുമായിട്ടാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല – ജലീല്‍ പറഞ്ഞു.

മുസ്ലീമിന് സിപിഐഎം പിന്തുണ വേണ്ട എന്ന് എന്ത് അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്? സിപിഐഎം മുസ്ലീമുകളുടെ അമ്മാവനാവണ്ട എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലിമുകളുടെ വാപ്പയാവുന്നത് – ജലീൽ ചോദിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലീമിന്റെ വാപ്പയാണന്നെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴുളള തോന്നല്‍. നിലവില്‍ നടത്തിയ ചര്‍ച്ച ആര്‍എസ്എസിനോടുളള ഭയം കൊണ്ട് മാത്രമാണെന്നും കെ ടി ജലീല്‍ ആരോപിക്കുകയുണ്ടായി.

പ്രബല സംഘടനകളായ ഇകെ, എപി, മുജാഹിദ് വിഭാഗം വരെ ആര്‍എസ്എസു മായുള്ള ചര്‍ച്ച തള്ളി കളഞ്ഞു. ആര്‍എസ്എസുമായി എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്ന് ഇത് വരെ അവർ വ്യക്തമാക്കിയിട്ടില്ല. ഇത് പല വിധത്തില്‍ ഒളിപ്പിച്ചു വെക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ മറ്റ് സംഘടനകള്‍ ചര്‍ച്ച ചെയ്തത് സംഘടനകളുടെ രാഷ്ട്രീയ കാര്യങ്ങളാണ്. പക്ഷേ ജമാഅത്തെ ഇസ്ലാമിയുടേത് അങ്ങനെയല്ല – ജലീല്‍ പറഞ്ഞു.