എന്റെ മകന് ഇന്ന് നാല് വയസ്സ്, സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്- ചാക്കോച്ചൻ

നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കൺമണിയാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബൻ. മലയാള സിനിമാ മേഖലയിലെ താരപുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുട്ടിത്താരം കൂടിയാണ് ഇസഹാക്ക്.മകന് നാലാം പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജനിച്ച ദിവസം മകനെ കൈയിലെടുത്ത നിമിഷവും നാലാം വയസ്സിൽ മകനെ എടുത്തുനിൽക്കുന്ന ചിത്രവും ചേർത്തുവച്ചാണ് ചാക്കോച്ചന്റെ കുറിപ്പ്.

ഒന്നാം ദിവസം മുതൽ 1461-ാം ദിവസം വരെ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ച്‌ കുറിച്ചിരിക്കുന്നത്.’എന്റെ മകന് ഇന്ന് നാല് വയസ്സ്, സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ജിവിതം നിനക്കായി കരുതിവച്ചിരിക്കുന്നതെല്ലാം അനുഭവിക്കാൻ നിനക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നീ ഒരു നല്ല മനുഷ്യനായി വളർന്ന് വലുതാകുമെന്നും പ്രതീക്ഷിക്കുന്നു. നിന്റെ മുഖത്തെ ചിരി എന്നും കാത്തുസൂക്ഷിക്കുക അത് മറ്റുള്ളവരുടെ മുഖത്ത് ചിരി പടർത്താനും ഒരു കാരണമാകട്ടെ. ഹാപ്പി ബർത്ത്ഡേ ഇസ്സു ബോയ്’-, ചാക്കോച്ചൻ ചിത്രത്തിനൊപ്പം കുറിച്ചു. ഇസയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകൻ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചനും പ്രിയയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണിപ്പോൾ. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കിട്ടിയ ഒരു അവധി ദിവസം മകൻ ഇസഹാക്കിനൊപ്പം ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറലായിരുന്നു.