കെ.വി. തോമസ് കണ്ണൂരിലിറങ്ങി; കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ

കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണ് പിണറായി വിജയനെന്ന് കോൺ​ഗ്രസ് നേതാവ് കെ വി തോമസ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ വി തോമസ്. കെ റെയിൽ വികസന കാര്യത്തിൽ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാൻ. നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയതെന്നും കെ വി തോമസ് പറഞ്ഞു.

പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. നാളത്തെ സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗ ഭാഗം വച്ചാണ് തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയാണ് കെ വി തോമസ് പങ്കെടുക്കുന്ന സെമിനാർ നടക്കുന്നത്.

അതേസമയം കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കി സിപിഐഎം. സിപിഐഎം 23ാം പാർട്ടി സമ്മേളനത്തിന്റെ സെമിനാറിൽ പങ്കെടുക്കാൻ, പാർട്ടി വിലക്ക് ലംഘിച്ചെത്തിയ കോൺഗ്രസ് നേതാവ് കെ വി തോമസിന് വലിയ സ്വീകരണമാണ് സിപിഐഎം നൽകിയത്. ഹർഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സിപിഐഎം പ്രവർത്തകർ സ്വീകരിച്ചത്.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടിൽ താമര നട്ടപ്പോൾ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.