പർദ്ധ ധരിച്ച് ആളുകളെ പറ്റിക്കാനിറങ്ങി ലക്ഷ്മി നക്ഷത്ര, കയ്യോടെ പൊക്കി ജനങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

താരം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വരെ വന്ന് ആരാധകർ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഓരോ പിറന്നാളിനും ലക്ഷ്മിയെ തേടി ഒട്ടനവധി സമ്മാനങ്ങളാണ് എത്താറുള്ളത്. വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലിനും വലിയജന പ്രീതിയാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഇന്നത്തെ വീഡിയോ ഒരു ഭാ​ഗ്യ പരീക്ഷണമാണ്. അടി, ഇടി, ഒടിവ്, ചതവ്, മാനഹാനി എന്നിവയെല്ലാം എനിക്ക് ഇന്ന് സംഭവിക്കാം… പക്ഷെ ഞാൻ റിസ്ക് എടുക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ഇന്നൊരു ആൾമാറാട്ടമാണ് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്. ഞാൻ അല്ലാത്ത ഞാനായി ലുക്കുമാറ്റി ആളുകൾക്കിടയിലേക്ക് ഇറങ്ങാൻ പോവുകയാണെന്നും ലക്ഷ്മി പറഞ്ഞു.

പർദയും ബുർക്കയും ധരിച്ച് മുഖവും ശരീരവും പൂർണമായും മറച്ചാണ് പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി ലക്ഷ്മി തയ്യാറായത്. പബ്ലിക്കായി വാഹനത്തിന് സമീപം നിന്ന് ലക്ഷ്മി നക്ഷത്ര വസ്ത്രം മാറിയെന്ന് പർദ ധരിക്കുന്ന വീഡിയോ പുറത്ത് വന്നാൽ യുട്യൂബിൽ വാർത്ത വരുമെന്നും തമാശ കലർത്തി ലക്ഷ്മി നക്ഷത്ര പറഞ്ഞു.

കയ്യിൽ ഒരു വലിയ‍ ഡ്രീം കേക്കും ലക്ഷ്മി കരുതിയിരുന്നു. തന്റെ ശബ്ദം തിരിച്ചറിയുന്നവർക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ, മുതിർന്നവർ, വിദ്യാർത്ഥികൾ തുടങ്ങി ഒരുവിധം എല്ലാവിഭാ​ഗക്കാരോടും ലക്ഷ്മി സംസാരിച്ചു. പലരും തുടക്കത്തിൽ തന്നെ ലക്ഷ്മിയുടെ ശബ്​ദം തിരിച്ചറിഞ്ഞു. ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തറപ്പിച്ച് പറയാൻ മടി കാണിച്ചു.

ബുർക്ക ഉയർത്തി താൻ ലക്ഷ്മി നക്ഷത്രയാണെന്ന് താരം പറഞ്ഞപ്പോൾ ഭൂരിഭാ​ഗം ആളുകളും വിശ്വസിക്കാൻ കഴിയാതെ നോക്കി നിൽക്കുകയും സ്നേ​ഹം പ്രകടിപ്പിക്കുകയുമായിരുന്നു. മഴ ശക്തമായി പെയ്തതോടെ ലക്ഷ്മി കൂടുതൽ ആളുകളിലേക്ക് പോകാതെ വീഡിയോ അവസാനിപ്പിച്ചു.