സംവിധായകൻ ലാൽ ജോസിൻറെ പിതാവ് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ എം ജോസ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്റ് ഹൈസ്‌ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ലില്ലി ജോസ് ആണ് ഭാര്യ. ലിജു, ലിന്റോ എന്നിവരാണ് മറ്റു മക്കൾ. ലീന, ഇഗ്‌നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്.
‘അപ്പച്ചൻ യാത്രയായി’ എന്ന് കുറിച്ചുകൊണ്ടാണ് ലാൽ ജോസ് ഫേസ്ബുക്കിൽ അച്ഛൻറെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.