ഔദ്യോ​ഗിക വാഹനത്തില്‍ ലതികാ സുഭാഷ് സ്വകാര്യ യാത്ര നടത്തിയത് 7,354 കിലോമീറ്റര്‍; 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച്‌ മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവ. ലതികാ സുഭാഷ് ഔദ്യോ​ഗിക വാഹനം ദുരുപയോ​ഗം ചെയ്തെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം പ്രകൃതി ശ്രീവാസ്തവ നല്‍കിയതോടെയാണ് പോര് മുറുകിയത്.

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായി എം.ഡി. നല്‍കിയ കത്തിലുണ്ട്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30-നുമുമ്ബ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഔദ്യോഗിക വാഹനമായ കെ.എല്‍-05 എ.ഇ. 9173 കാര്‍ കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്‌സണ്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് എം.ഡി.യുടെ കത്തില്‍ പറയുന്നു. എം.ഡി. പ്രകൃതി ശ്രീവാസ്തവ, ചെയര്‍പേഴ്‌സന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്.

ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എം.ഡി. പിരിച്ചുവിട്ടിരുന്നു. വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയത്. ചെയര്‍പേഴ്‌സന്റെ ഡ്രൈവറെയും പിരിച്ചുവിട്ടു. എന്‍.സി.പി.യിലെ ചേരിപ്പോരാണ് വനംവികസന കോര്‍പ്പറേഷനിലേക്ക് വ്യാപിച്ചതെന്ന് പറയുന്നു.

മന്ത്രി എ.കെ. ശശീന്ദ്രന്‍ കോര്‍പ്പറേഷനിലെ വിവാദ കരാറുകളും മറ്റും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത് പാര്‍ട്ടിയിലെ പോര് രൂക്ഷമാക്കിയിട്ടുണ്ട്. കരാര്‍ നിയമനങ്ങളില്‍ മന്ത്രിക്ക് പങ്കുണ്ടെന്നുകാട്ടി ചെയര്‍പേഴ്‌സണ്‍ വനംവകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.