പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്ത്, ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. തർക്കം ശക്തമായി നിൽക്കുന്ന ഈ അവസരത്തിലാണ് ജെയ്കിന്റെ പെരുന്ന സന്ദർശനം എന്നതാണ് ശ്രദ്ധേയം.

മന്ത്രി. വി. എൻ വാസവനൊപ്പമാണ് അദ്ദേഹം എത്തിയത്. പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ജെയ്ക്.

അതേസമയം ഇന്നലെയാണ് പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർണയിച്ചുകൊണ്ടുള്ള ഔദ്യോ​ഗിക പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയത്. 33 വയസിനിടെ മൂന്ന് തെരഞ്ഞെടുപ്പുകളാണ് ജെയ്ക് നേരിടുന്നത്. ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്.

ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചു. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.