വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുക, തിരിഞ്ഞുകൊത്തുന്ന കാര്യങ്ങൾ വേണ്ടത്ര ബോധ്യമില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ

ആലപ്പുഴ. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ സിപിഐഎം നേതാവ് ജി സുധാകരന്റെ പ്രതികരണം ശ്രദ്ദേയമാകുന്നു. വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തിൽ നല്ലതെന്നും, തിരിഞ്ഞുകൊത്തുന്ന കാര്യങ്ങൾ വേണ്ടത്ര ബോധ്യമില്ലെങ്കിൽ പറയാതിരിക്കുകയെന്നും സുധാകരൻ ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണ് പലരും തോന്നിയത് വിളിച്ചുപറയുന്നതെന്നും ജി സുധാകരൻ പ്രതികരിച്ചു.

എ എൻ ഷംസീർ നടത്തിയ മിത്ത് പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരാമർശത്തിനെതിരെ എൻഎസ്എസ് വിശ്വാസ സംരക്ഷണ യാത്രയും നടത്തിയിരുന്നു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നും രാജി വെക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഷംസീറിനെ പ്രതിരോധിച്ച് സിപിഐഎം രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാജി വെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യമായി വ്യക്തമാക്കി. ശരിയായ രീതിയില്‍ കാര്യങ്ങളെ മനസ്സിലാക്കിയാല്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.