ഇടതു സ്ഥാനാർഥി വിവാദം സിറോ മലബാർ സഭയിലേക്കും നീളുന്നു

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പ്രഖ്യാപന വിവാദം സിറോ മലബാർ സഭയിലേക്കും നീളുന്നു. സഭയുടെ നോമിനിയാണ് ഇടതു സ്ഥാനാർഥിയെന്ന ആരോപണം ശക്തമായതോടെ നിഷേധിച്ച് സഭക്കുതന്നെ രംഗത്തിറങ്ങേണ്ടിവന്നു. സിറോ മലബാര്‍ സഭ സ്ഥാപനമായ ലിസി ആശുപത്രിയില്‍ വാർത്തസമ്മേളനം നടത്തിയ സ്ഥാനാർഥിയുടെ നടപടിക്കെതിരെ എതിർപ്പുയർന്നതോടെ അടങ്ങിക്കിടന്ന സഭ വിഭാഗീയതയുടെ അരങ്ങും ഉണർന്നു.

സ്ഥാനാർഥിയെ പ്രഖ്യാപിച്ച വ്യാഴാഴ്ചതന്നെ സഭ നോമിനിയാണ് ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ് എന്ന വിവാദം ഉടലെടുത്തിരുന്നു. എൽ.ഡി.എഫ് ഇത് നിഷേധിച്ചെങ്കിലും ആരോപണം കെട്ടടങ്ങാത്ത സാഹചര്യത്തിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തസമ്മേളനം വിളിച്ച് ഒരിക്കൽകൂടി വ്യക്തത വരുത്തി.

സഭ നടത്തുന്ന ആശുപത്രിയിലെ ഡോക്ടർ എന്ന നിലയിൽ അവിടെവെച്ച് മാധ്യമങ്ങളെ കണ്ടു എന്നതുകൊണ്ട് സഭ സ്ഥാനാർഥിയാണ് അദ്ദേഹമെന്ന് പറയാനാവില്ലെന്നായിരുന്നു ജില്ല സെക്രട്ടറിയുടെ ന്യായീകരണം. ഇതിനുപിന്നാലെ സിറോ മലബാർ സഭതന്നെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി.