‘ഈ ജയം എവിടെയോ നിന്ന് ഞങ്ങളെ പിന്തുണയ്ക്കുന്ന ഡീഗോയ്ക്ക്’; കിരീട നേട്ടം മറഡോണയ്ക്ക് സമര്‍പ്പിച്ച് മെസി

കോപ്പ അമേരിക്ക കിരീടനേട്ടം ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് സമര്‍പ്പിച്ച് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ മെസ്സി കുറിച്ചു. മറഡോണയ്‌ക്കൊപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അര്‍ജന്റൈന്‍ ജനതയ്ക്കും മെസി കോപ്പ സമര്‍പ്പിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്:

‘ഈ കോപ്പ അമേരിക്ക വളരെ അവിശ്വസനീയമായ ഒരു ടൂര്‍ണമെന്റായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് അറിയാം. എന്നാലും ടീം അംഗങ്ങള്‍ എല്ലാവരും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. അതിശയിപ്പിക്കുന്ന ഈ ടീമിന്റെ നായകനാകാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുന്നോട്ടുപോകാനായി എനിക്ക് എല്ലാ ചാലകശക്തിയും നല്‍കിയ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഓരോരുത്തര്‍ക്കും ഈ മഹാമാരി കാലത്തും ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണച്ച 45 മില്യണ്‍ അര്‍ജന്റൈന്‍ ജനതയ്ക്കും ഈ വിജയം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

ഒപ്പം, എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമര്‍പ്പിക്കുന്നു. ആഘോഷങ്ങള്‍ തുടരുന്നതിനോടൊപ്പം സ്വയം സംരക്ഷിക്കുന്നതും നമുക്ക് തുടരേണ്ടതുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന കാര്യം മറക്കരുത്. കൊവിഡിനെതിരെ പോരാടുന്നതില്‍ ഈ സന്തോഷം വലിയ ഊര്‍ജം നല്‍കും. എന്നെ ഒരു അര്‍ജന്റീനക്കാരനാക്കിയതില്‍ ദൈവത്തിന് നന്ദി.’- മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.