മുന്നിൽ നിന്ന് നയിച്ച് മെസി, അർജന്റീനക്ക് തകർപ്പൻ ജയം

ഫിഫ ലോകകപ്പിലെ മത്സരത്തിലെ തോൽവിക്ക് ശേഷം അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ ലിയോണൽ മെസിയാണ് അർജന്റീനയുടെ ഹീറോ. എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ മത്സരത്തിൽ തോറ്റ അർജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയിൽ പോളണ്ടിന് പിന്നിൽ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

മത്സരത്തിൻറെ ആദ്യപകുതി വിരസമായ ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ബോൾ പോസിഷനിൽ അർജൻറീന ഏറെ മുന്നിട്ടു നിന്നപ്പോൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റിൽ ഡീപോളിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി.