ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ ഒന്നിച്ചായി, അമ്മയിയമ്മ മരുമകള്‍ അടികള്‍ കൂടുന്നു, കണക്ക് പുറത്ത്

ലോക്ക്ഡഡൗണ്‍ ആയതോടെ ഏവരും വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ്. ഏവരും വീടുകളില്‍ ഒതുങ്ങി കൂടാന്‍ തുടങ്ങിയതോടെ അമ്മയായമ്മ -മരുമകള്‍ പോര് കൂടിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വനിത കമ്മീഷനിലെത്തുന്ന അമ്മായിയമ്മ മരുമകള്‍ പോര് പരാതികള്‍ വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. സീനിയര്‍ സിറ്റിസന്‍സ്, ഗാര്‍ഹിക പീഡന പരാതികളുള്‍പ്പെടെ കമ്മീഷന്‍ ഓഫീസുകളിലെ പരാതിപ്പെട്ടികളില്‍ നിറയുന്നുണ്ടെങ്കിലും തത്ക്കാലം അവയൊക്കെ പരിശോധിച്ച് സിറ്റിങ്ങുകളോ വിസിറ്റോ നടത്താന്‍ കമ്മീഷന് നിര്‍വാഹം ഇല്ല. ജില്ലകളിലുള്ള കൗണ്‍സിലര്‍മാരുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്താനാണ് നിര്‍ദേശം. അടിയന്തിര ഇടപെടല്‍ വേണ്ട കേസുകളില്‍ പോലീസിന്റെയും മറ്റും സഹായം തേടുകയുമാണ് ചെയ്യുന്നത്.

കമ്മീഷന്‍ അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഫോണുകളില്‍ പരാതി പ്രവാഹമാണ്. വീട്ടില്‍ നിന്നിറക്കിവിടുന്നു, ഭക്ഷണം കൊടുക്കുന്നില്ല, കുടുംബാംഗങ്ങള്‍ പരിഗണന നല്‍കുന്നില്ല എന്നിങ്ങനെയുള്ള പരാതികളാണ് അമ്മമാര്‍ക്ക്. ജോലിക്കു പോകാതെ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ അമ്മായിയമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യെന്ന പരാതികളുമായി നിരവധി മരുമക്കളും ഫോണ്‍ വിളിച്ച് പരാതി പറയുന്നുണ്ട്.

കുടുംബാംഗങ്ങള്‍ ഭക്ഷണം പോലും നല്‍കാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു തൃശ്ശൂരിലെ ഒരു അമ്മയുടെ പരാതി. വീട്ടു ജോലി ചെയ്ത് സ്വന്തം കാലില്‍ നിന്നിരുന്ന ഇവര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി തകര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളി വരെ എത്തിയതോടെ പോലീസ് ഇടപെട്ടു.

തൊട്ടതിനും പിടിച്ചതിനും കുടുംബ നാഥന് ഭാര്യയോടും മക്കളോടും ദേഷ്യം, ദേഹോപദ്രവം, അസഭ്യം പറച്ചില്‍ എന്നിങ്ങനെയുള്ള സ്ഥിരം പരാതികള്‍ക്കും യാതൊരു കുറവും ഇല്ല. പുറത്തിറങ്ങാന്‍ സാധിക്കാത്തതിന്റെയും കയ്യില്‍ പണം ഇല്ലാത്തതിന്റെയും ദേഷ്യവും അമര്‍ഷവും പലരും വീട്ടില്‍ തന്നെ തീര്‍ക്കുകയാണ്. ഇതൊക്കെ പരിഹാരമാകുമെന്നും ഇരുകൂട്ടരെയും ഉപദേശിച്ചും കൗണ്‍സലിങ് നടത്തിയും കുറെയൊക്കെ പരിഹരിക്കാനുള്ള ശ്രമവും നടന്ന് വരികയാണ്.

ജോലിവിട്ടു മക്കള്‍ വിദേശത്തു നിന്നെത്തിയാല്‍ നാട്ടില്‍ എന്തു പണി കിട്ടും, നിശ്ചയിച്ച കല്യാണം ഇനിയെന്താകും, വീടിന്റെ വായ്പയും വിദ്യാഭ്യാസ വായ്പയുമൊക്കെ എങ്ങനെ അടയ്ക്കും തുടങ്ങിയ ആകുലതകളും മാനസിക സമ്മര്‍ദങ്ങളും പങ്കുവയ്ക്കുന്ന ഫോണ്‍വിളികളും കുറവല്ല. ഫോണ്‍ വഴിയും ഇമെയില്‍ വഴിയും കിട്ടുന്ന പരാതികളാണു തല്‍ക്കാലം കമ്മിഷന്‍ ശ്രദ്ധിക്കുന്നത്.