ലോക്‌സഭാ തിരഞ്ഞെടുപ്പ്, കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം

തിരുവനന്തപുരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടെ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം. നിലവിലെ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെയാണ് ഒരു സീറ്റ് കൂടെ ചോദിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ചാലക്കുടി എന്നിവയില്‍ ഏതെങ്കിലും സീറ്റായിരിക്കും ചോദിക്കുക. അതേസമയം കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളിലും സ്വാധിനമുണ്ടെന്നാണ് അവകാശപ്പെടുന്നത്.

എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം. 2019ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. വിഎന്‍ വാസവനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കേരള കോണ്‍ഗ്രസ് എമ്മിന് ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെന്ന് ആവകാശപ്പെടുന്നു. ചാലക്കുടിയില്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ട്. അതേസമയം സീറ്റുകള്‍ കൂടുതല്‍ ചോദിക്കാന്‍ മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് അവകാശം ഉണ്ടെന്നും എന്നാല്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും എല്‍ഡിഎഫ് നേതൃത്വം അറിയിച്ചു.