ഡൽഹിയിൽ ആം ആദ്മി-കോൺഗ്രസ് സഖ്യം ഒന്നിച്ച് തന്നെ, 4 സീറ്റിൽ എഎപി, 3 സീറ്റിൽ കോൺഗ്രസ്, പഞ്ചാബിൽ മത്സരം വെവ്വേറെ

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും ഒന്നിച്ചു മത്സരിക്കാൻ തീരുമാനമായി. ഇരുപാർട്ടികളും സീറ്റ് വിഭജനം പൂർത്തിയാക്കി. രാജ്യതലസ്ഥാനത്ത് ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് ആം ആദ്മി പാർട്ടിയും മൂന്ന് സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുക. പടിഞ്ഞാറൻ ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി എന്നീ സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നീ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക.

ഗുജറാത്ത്, ഹരിയാണ, ഗോവ, എന്നിവിടങ്ങളിലും സീറ്റ് ധാരണയിലെത്തി. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്മി പാർട്ടിക്കു നൽകും. ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ 2 സീറ്റിലും കോൺഗ്രസ് മത്സരിക്കാന്‍ തീരുമാനമായി.

അതേ സമയം, പഞ്ചാബിൽ ഇരുപാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. സഖ്യചർച്ചകൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുമായി ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്ന് ആം ആദ്മി നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. സഖ്യം സംസ്ഥാനത്ത് ആം ആദ്മിക്ക് വളമൊരുക്കുന്നതിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് തങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് കോൺഗ്രസ് നേതൃത്വവും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യ പ്രകാരം മുന്നോട്ട് പോകാൻ ഇരുപാർട്ടികളുടേയും ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അതിനിടെ മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിലും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും ധാരണയിലെത്തിയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കോൺഗ്രസിനും ശിവസേനയ്ക്കും എൻസിപിക്കും എത്ര വീതം സീറ്റുകൾ ലഭിച്ചുവെന്നത് വ്യക്തമല്ല. 2019 ൽ ബി ജെ പിയുമായി ശിവസേന മത്സരിച്ചത്. അന്ന് 23 സീറ്റുകളില്‍ മത്സരിച്ച ശിവസേന 18 സീറ്റുകളില്‍ വിജയിച്ചിരുന്നു. 25 സീറ്റുകളില്‍ മത്സരിച്ച കോൺഗ്രസ് ഒരു മണ്ഡലത്തിൽ മാത്രമായിരുന്നു വിജയിച്ചത്.