പ്രണയക്കെണി, ലോണെടുത്ത് കാറെടുത്ത മലയാളിയായ കാമുകൻ ഇ എം ഐ അടച്ചില്ല, സാമ്പത്തിക പ്രതിസന്ധിയിലായ യുവതി ജീവനൊടുക്കി

പൂനെ: മലയാളി യുവാവിന്റെ പ്രണയക്കെണിയിൽ കുടുങ്ങിയ യുവതി ജീവനൊടുക്കി. വായ്പ തിരിച്ചടയ്‌ക്കാൻ കാമുകൻ പണം നൽകാത്തതിൽ മനംനൊന്താണ് പൂനെയിൽ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രസിക രവീന്ദ്ര ദിവാട്ടെ ആത്മഹത്യ ചെയ്‌തത്‌. രസികയും കാമുകൻ ആദർശ് അജയ്കുമാർ മേനോനും കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.

യുവതി കാമുകന് വേണ്ടി ലോൺ എടുത്ത്, ഏപ്രിലിൽ കാർ വാങ്ങിക്കൊടുത്തിരുന്നു. ഡൗൺ പെയ്‌മെന്റ് തുകയും യുവതി തന്നെ നൽകി. ഇ എം ഐ താൻ അടച്ചുകൊള്ളാമെന്ന് ആദർശ് ഉറപ്പ് നൽകിയിരുന്നു. ക്രഡിറ്റ് കാർഡിൽ നിന്ന് മൊത്തം മൂന്ന് ലക്ഷം രൂപ വായ്പയെടുത്തു. 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും എടുത്തുനൽകിയിരുന്നു.

കൂടാതെ വായ്പ ആപ്പ് വഴിയും യുവതി ലോൺ എടുത്തിരുന്നതായി പോലീസ് കണ്ടെത്തി. യുവാവ് പണം തിരിച്ചടയ്ക്കാതിരുന്നതോടെ യുവതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തിന്റെ പേരിൽ ആദർശുമായി വഴക്കിടുകയും ചെയ്തിരുന്നു. യുവാവിന്റെ ഫ്ളാറ്റിലാണ് രസിക ജീവനൊടുക്കിയത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.