വധശിക്ഷയില്‍ നിന്നും നിമിഷപ്രിയയെ രക്ഷിക്കണം, ഞാനും അതിന് വേണ്ടി പരിശ്രമിക്കുകയാണ്; യൂസഫ് അലി

മെക്ക: യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് പ്രമുഖ വ്യവസായി യൂസഫ് അലി.മെക്കയില്‍ വച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ദൈവത്തിന് മുന്നില്‍ പണ്ഡിതനും പാമരനും തുല്യരാണ്. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഞാനും അതിന് വേണ്ടി പരിശ്രമിക്കുകയാണ്. അതില്‍ ഏതെങ്കിലും ഒന്ന് വിജയിക്കണമെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ നിലവില്‍ യെമനിലെ ജയിലിലാണ്. 50 മില്യണ്‍ യെമന്‍ റിയാലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ തുകയില്‍ അത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയയുടെ കുടുംബവും സ്നേഹിതരും.

ഇതിന് മുമ്ബും യൂസഫ് അലി വധശിക്ഷയ്‌ക്ക് വിധിച്ച മലയാളിയുടെ രക്ഷകനായി എത്തിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ബെക്സ് കൃഷ്‌ണയെയാണ് കഴിഞ്ഞ വര്‍ഷം സമാനരീതിയില്‍ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. അബുദാബിയില്‍ സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറയായിരിക്കെ ബെക്സിന്റെ വാഹനമിടിച്ച്‌ സുഡാനി ബാലന്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചിരുന്നു. സുഡാനി ബാലന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്‍കിയാണ് ബെക്സിനെ യൂസഫ് അലി തിരികെ നാട്ടിലേക്ക് എത്തിച്ചത്.