വീട്ടമ്മയുടെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു, മദ്രസ അധ്യാപകൻ അറസ്റ്റിലായി

തിരുവനന്തപു. വീട്ടമ്മയെ പതിവായി ശല്യം ചെയ്തതിനു പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ ഒടുവിൽ അറസ്റ്റിലായി. വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകനായ മുഹമ്മദ് ഷാഫി രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്ഥിരമായി ക്ലാസിൽ വരാത്തതിന് അമ്മയോട് വിളിച്ച് അന്വേഷിക്കുക പതിവായിരുന്നു.

പ്രവാസിയുടെ ഭാര്യയായ കുട്ടിയുടെ മാതാവിൻറെ മൊബൈലിലേക്ക് പിന്നെ അധ്യാപകൻ സ്ഥിരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുന്നതും പതിവാക്കി. ശല്യം സഹിക്കാതായപ്പോൾ കുട്ടിയുടെ അമ്മ ജമാഅത്തിൽ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. തുടർന്ന് മദ്രസയിലെ അധ്യാപകസ്ഥാനത്തിൽ നിന്ന് മുഹമ്മദ് ഷാഫിയെ ഒഴിവാക്കുകയും ഉണ്ടായി.

തുടർന്ന് താൻ തെറ്റുകാരനല്ല എന്ന് വരുത്തി തീർക്കാൻ മറ്റൊരു സ്ത്രീയുടെ സഹായത്തോടു കൂടി ഇയാൾ വീട്ടമ്മയുടെ വ്യാജ ശബ്ദ സന്ദേശം ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പൊലീസിന് പരാതി നൽകുകയായിരുന്നു. പൂവാർ സിഐ പ്രവീണിന്റെ നേതൃത്വത്തിൽ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ പരിശോധനയിൽ. മുഹമ്മദ് ഷാഫി വ്യാജ സന്ദേശം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.