വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു, മേജര്‍ രവി പറയുന്നു

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി സംവിധായകനും നടനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ മേജര്‍ രവി തന്നെയാണ് അറിയിച്ചത്. ‘വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണിപ്പോള്‍. എല്ലാ അഭ്യൂദയകാംഷികള്‍ക്കും നന്ദി,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സൈനിക സേവനത്തിന് ശേഷമാണ് മേജര്‍ രവി സിനിമ രംഗത്ത് എത്തുന്നത്. 1990കളുടെ അവസാനത്തോടെയാണ് അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹസന്‍ തുടങ്ങിയവര്‍ക്ക് ഒപ്പം മേജര്‍ രവി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനര്‍ജനിയാണ് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്രയിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അതിനുശേഷം മിഷന്‍ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.