ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും, മേജര്‍ രവി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് മേജര്‍ രവി. സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒക്കെ തന്നെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അദ്ദേഹം. പലപ്പോഴും അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ രാഷ്ട്രീയ തരം തിരിവുകളെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

നിങ്ങളൊരു മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് മേജര്‍ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മേജര്‍ രവി ഇക്കാര്യം പങ്കുവച്ചത്.

‘ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും. ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു.’- മേജര്‍ രവി പറഞ്ഞു.

ബി.ജെ.പി.നേതൃത്വവുമായി വലിയ ബന്ധമുണ്ടായിരുന്ന മേജര്‍ രവി കഴിഞ്ഞ വര്‍ഷം രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ മേജര്‍ രവി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

‘അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്കായാണ് കാത്തിരിക്കുന്നത്. ഉടന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. പ്രചാരണങ്ങളില്‍ വീഴരുത്.. അതെ, ഞാന്‍ കോണ്‍ഗ്രസ് യാത്രയില്‍ പങ്കെടുത്തു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഇപ്പോള്‍ അത്രയേയുള്ളൂ. പൊതുജനക്ഷേമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിക്കൊപ്പം ഞാന്‍ ഉണ്ടാകും.. ഞാന്‍ ഏതെങ്കിലും തസ്തിക വഹിക്കുകയാണെങ്കില്‍, എന്റെ ശമ്പളമായി ഒരു രൂപ മാത്രമേ ഞാന്‍ എടുക്കുകയുള്ളൂ, ബാക്കിയുള്ളത് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും. കാത്തിരിക്കൂ.. ജയ് ഹിന്ദ്’.- എന്നായിരുന്നു മേജര്‍ രവിയുടെ കുറിപ്പ്.