കോവിഡിനെതിരെ പോരാട്ടം, നിരീക്ഷണത്തില്‍, ഒടുവില്‍ വീണ്ടും മഹാമാരിക്കെതിരെ കര്‍മ്മരംഗത്ത്, ബ്രിട്ടീഷിലെ മലയാളി ഡോക്ടര്‍ ദമ്പതികളുടെ ജീവിതം

കോവിഡിനെതിരെ ആദ്യം പോരാടി. അതിനിടെ രോഗ ലക്ഷണങ്ങളുമായി വീട്ടില്‍ നിരീക്ഷണത്തിലായി. ഒടുവില്‍ ഭേദമായപ്പോള്‍ വീണ്ടും മഹാമിരിക്ക് എതിരെയുള്ള പോരാട്ടത്തില്‍. ബ്രിട്ടനിലെ മലയാളി യുവ ഡോക്ടര്‍ ദമ്പതികളാണ് ഇത്തരത്തില്‍ യാതൊരു വിശ്രമവും ഇല്ലാതെ കോവിഡിനെതിരെ പോരാടുന്നത്. വാറിക്ഷറില്‍ വാറിക് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ജോലിക്കാരാണ് കോഴിക്കോട് സ്വദേശിയായ ഡോ. മുഹമ്മദ് അന്‍സാരിയും ഭാര്യ ഡോ. ഷൈമ ഉബൈദും.

മൂന്ന് ആഴ്ച മുമ്പ് മുതല്‍ ആശുപത്രിയിലേക്ക് രോഗികള്‍ ഒഴുകിയെത്തി. ഇതോടെ തന്നെ അന്‍സാരിയും ഷൈമയും അടങ്ങുന്ന ഡോക്ടര്‍മാര്‍ എല്ലാവരും അപകടം മുന്‍കൂട്ടി കണ്ടു. കൊറോണ വൈറസിനോട് ബ്രിട്ടണ്‍ സ്വീകരിച്ച സമൂഹപ്രതിരോധ സമീപനവും വേണ്ടത്ര സുരക്ഷ മുന്‍ കരുതല്‍ ഇല്ലാത്ത പരിചരണങ്ങളും തങ്ങളെയും രോഗബാധിതരാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ അക്കാരണം പറഞ്ഞ് ആരും പിന്മാറിയില്ല. ഓരോ ദിവസവും രോഗികളുടെ കൂടി കൂടി വന്നു. ഇതോടെ പരിചരണത്തിനിടെ ഡോക്ടര്‍മാര്‍ക്കും രോഗം പിടിപെട്ട് തുടങ്ങി.

‘ഷൈമയാണ് ആദ്യം വയ്യാതായത്. കടുത്ത പനി, തലവേദന. ഉടന്‍ വീട്ടിലേക്കു മടങ്ങി മറ്റാരുമായും സമ്പര്‍ക്കമില്ലാതെ വിശ്രമിച്ചു. പിന്നീട് ചുമയും വന്നു. അതോടെ ഞാനും ക്വാറന്റീനിലായി’- അന്‍സാരി പറയുന്നു. ‘ഇതെല്ലാം സംഭവിക്കുമെന്ന് അറിയാമായിരുന്നതും തയാറെടുത്തിരുന്നതുമാണ്. പക്ഷേ, പ്രതീക്ഷിച്ചതിനെക്കാള്‍ കടുപ്പമായിരുന്നു അനുഭവം. ഒരുപനിപോലെ വന്നുപോകുമെന്നാണു കരുതിയത്. പക്ഷേ, അനങ്ങാന്‍ വയ്യാതെ കിടക്കേണ്ടിവന്നു’.

ബ്രിട്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ സാംപിള്‍ മാത്രമേ പരിശോധിക്കൂ. അതിനാല്‍ തന്നെ ഇരുവരും സാംപിള്‍ പരിശോധിച്ചില്ല. ഇവരുടെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ക്കും ഇതുപോലെ രോഗം പിടിപെട്ടിട്ടുണ്ട്. ഒരാളുടെ സാംപിള്‍ മാത്രമാണ് പരിശോധിച്ചത്. അയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

രോഗം മാറി ആരോഗ്യം വീണ്ടെടുത്തതോടെ ഇരുവരോടും വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ ദിവസം ഹോംക്വാറന്റീന്‍, രോഗസാധ്യതയുള്ളവര്‍ ചികിത്സകരാകാതിരിക്കുക തുടങ്ങിയ പ്രോട്ടോക്കോളുകളൊന്നും ബ്രിട്ടനില്‍ ഇപ്പോഴില്ല. അത്തരം നിയന്ത്രണങ്ങള്‍ക്കെല്ലാം അപ്പുറമാണു സ്ഥിതി. പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടിഒ ആയിരിക്കെ മരണമടഞ്ഞ പൂനൂര്‍ കോളിക്കല്‍ സ്വദേശി ടി. യൂസഫ് സിദ്ദീഖിന്റെയും എം.എ. നജീനയുടെയും മകനാണ് ഡോ. അന്‍സാരി. കാസര്‍കോട് ഉദുമ സ്വദേശി എം.എ. ഉബൈദിന്റെയും ജമീലയുടെയും മകളാണ് ഡോ. ഷൈമ.