കുട്ടിയുടെ വേദനയിൽ കണ്ണീരൊഴുക്കി മലയാളി ഐ എ എസ് ഉദ്യോഗസ്ഥ വീഡിയോ

ലക്നൗ∙ ലഖിംപുർ ഖേരിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ സന്ദർശിച്ച് സമാശ്വസിപ്പിക്കുന്നതിനിടെ ഒരു കുട്ടിയുടെ വേദന കേട്ട് മനം നൊന്ത് വിതുമ്പുന്ന മലയാളി ഐ എ എസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായി.

ലഖിംപുർ ഖേരിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർ ആണ് മരണപ്പെട്ടത്. 41 പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിച്ച ലക്നൗ ഡിവിഷനൽ കമ്മിഷണറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. മലയാളിയായ ഐഎഎസ് ഓഫിസർ ഡോ റോഷൻ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തുന്നത്. ചികിത്സയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി ആശുപത്രിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സ്ത്രീ എത്തി കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പരാതി പറയുകയായിരുന്നു.

റോഷൻ ജേക്കബ് ഇത് കേട്ട് കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങൾ ചോദിച്ചറി‍യുകയായിരുന്നു. തുടർന്ന് അവർ ഡോക്ടർക്ക് നിർദേശങ്ങൾ നൽകുന്നത് വിഡിയോയിൽ കാണാം. മടങ്ങും മുൻപ് കുട്ടിയോട് സംസാരിക്കുന്ന റോഷൻ അവന്റെ വേദന കേട്ട് കണ്ണീരൊഴുക്കുന്നതും വിഡിയോയിൽ ഉണ്ട്. 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ, തിരുവനന്തപുരത്ത് ജനിച്ച റോഷൻ, ഇതിനു മുൻപ് കനത്ത മഴയിൽ ലക്നൗ നഗരം വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ അതിലൂടെ നടന്ന് സ്ഥലത്തെ പ്രശ്നങ്ങൾ ചോദിച്ചറിഞ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.