സിപിഎം ഭീകരരുടെ പാര്‍ട്ടി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരോട് സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎം ഭീകരരുടെ പ്രസ്ഥാനമാണെന്നാണ് മമത വിശേഷിപ്പിച്ചത്. ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. അതേസമയം കോണ്‍ഗ്രസുമായിട്ടുള്ള സഖ്യത്തെക്കുറിച്ച് മമത ഒന്നും പറഞ്ഞില്ല.

34 വര്‍ഷം ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ന് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്ന് സംസാരിക്കുന്നു. അധികാരത്തില്‍ ഇരുന്ന 34 വര്‍ഷം സിപിഎം എന്ത് ചെയ്തുവെന്ന് മമത ചോദിച്ചു. തൃണമൂല്‍ സര്‍ക്കാര്‍ 20000 പേര്‍ക്ക് ജോലി നല്‍കിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും മമത പറഞ്ഞു.

അതേസമയം തൃണമൂലുമായി സഖ്യത്തിനില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി തന്ത്രപരമായ ബന്ധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുകയാണെന്നും സിപിഎം ആരോപിച്ചു.