പ്രതിപക്ഷ ഐക്യ യോഗത്തിൽ ഭിന്നത, മമത ബാനർജിയും അഖിലേഷ് യാദവും പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി

മുംബൈ. പ്രതിപക്ഷ ഐക്യ യോഗത്തിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ വിയോജിപ്പ് അറിയിച്ച് സമാപന പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇറങ്ങിപ്പോയി, പിന്നാലെ മമതയെ പിന്തുണച്ച് അഖിലേഷ് യാദവും പത്രസമ്മേളനത്തിൽ എത്താതെ തിരികെ മടങ്ങി.

സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം കൃത്യമായ സമയത്തിനുള്ളിൽ നടത്തണമെന്നായിരുന്നു മമത ചർച്ചയിൽ മുന്നോട്ടുവെച്ച നിർദ്ദേശം. മമതയുടെ നിലപാടിനെ പിന്തുണച്ച് ആർജെഡി, സമാജ് വാദി പാർട്ടികൾ . എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പത്ര സമ്മേളനത്തിൽ പങ്കെടുക്കാതെ മമത മടങ്ങിയത്.

മുന്നണിയെ നയിക്കാൻ ഒറ്റ കൺവീനർ എന്ന നിർദ്ദേശവും ഫലം കണ്ടില്ല. പകരം 14 അംഗം കോർഡിനഷൻ കമ്മിറ്റിക്ക് രൂപം നൽകി. ശരദ് പവാർ, സ്റ്റാലിൻ, ഡി രാജ, തേജസ്വി യാദവ്, ഒമർ അബ്ദുള്ള, അഭിഷേക് ബാനർജി എന്നിവരാണ് സമിതിയിലെ പ്രമുഖർ. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെസി വേണുഗോപാലാണ് സമിതിയിൽ ഇടംപിടിച്ചത്. സിപിഎമ്മിന് കോർഡിനേഷൻ കമ്മിറ്റിയിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.