മമതയോട് ഏറ്റുമുട്ടി ഗവർണർ, ഗുണ്ടകൾക്കെതിരെ ആനന്ദ ബോസ്

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മൂവ്വായിരം പേർ താമസിക്കുന്ന ഒരു തുരുത്ത് സന്ദേശ് ഗലി. അവിടത്തെ സ്ത്രീകൾ തെരുവിലിറങ്ങി. തങ്ങളുടെ സ്ത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കളായ ഗുണ്ടാ തലവന്മാരെ അവർ തെരുവിൽ വെല്ലുവിളിച്ചു. ചിലരുടെ പുരയിടത്തിൽ കയറി പോൾട്രീ ഫാമിനു തീയിട്ടു.

ഇതിനൊരു കാരണമുണ്ട്. യഥാർത്ഥത്തിൽ ഗുണ്ടാ രാജ് ആണ് ആ ദ്വീപിൽ നടക്കുന്നത്. അതിന് നേതൃത്വം കൊടുക്കുന്നത് ഷാജഹാൻ ഷെയ്ഖ് എന്ന ഗുണ്ടാ തലവൻ. അയാൾ ഭരണ കക്ഷിയായ ടി .എം സിയുടെ നേതാവ് കൂടിയാണ്. ഈയടുത്ത കാലത്ത് അയാളുടെ വീട്ടിൽ റെയ്‌ഡിന്‌ വന്ന ഇ.ഡി ഉദ്യോഗസ്ഥരെ അയാളുടെ അനുയായികൾ തല്ലിചതച്ചു. ഒപ്പം സിആർപി ഭടന്മാരെയും. ഇത്‌ ഒരു വലിയ വാർത്തയായി.

ഗവർണർ സി വി ആനന്ദ ബോസ് അതിൽ സജീവമായി ഇടപെട്ടു. ആശുപത്രിയിൽ കിടന്ന ഇ.ഡി, സി ആർ പി എഫ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു. ഇ.ഡിയുടെയും സി ആർ പി യുടെയും തലപ്പത്തുള്ളവരെ ഡൽഹിയിൽ നിന്ന് വിളിച്ചു വരുത്തി. പൂട്ടിയിട്ടിരുന്ന ഷാജഹാൻ ഷെയ്‌ഖിന്റെ വീട് തള്ളി തുറന്ന് ഇ.ഡി രണ്ടു ദിവസത്തിനകം വീണ്ടും റെയ്ഡ് നടത്തി.

ഗുണ്ടാ തലവന്റെ പരാക്രമങ്ങൾ അവിടം കൊണ്ട് നിന്നില്ല. അയാളുടെയും അനുയായികളുടെയും ശൈലി ബീഭത്സവും ​പൈശാചികവും എന്നു പറയാം. അച്ഛനും അമ്മയും മുതിർന്ന പെണ്മക്കളും താമസിക്കുന്ന വീടുകളിൽ ഇയാളും ഇയാളുടെ ഗുണ്ടാ തലവന്മാരും അതിക്രമിച്ചു കടക്കും അച്ഛന്റെ മുമ്പിൽ വച്ച് മകളെ പിടിച്ചെടുത്തു കൊണ്ട് പോവും. ഭാര്യയെ അപമാനിക്കും. എതിർക്കാൻ വരുന്ന ഭർത്താവിനെ തല്ലി ചതയ്ക്കും. പിന്നീടൊന്ന് പാർട്ടി ഓഫീസിലേക്ക് വളരെ വൈകി വരാൻ പറയും. പിന്നെ രണ്ടു മൂന്നു ദിവസം അവർ എവിടെയാണ് എന്നറിയില്ല. അതിനു ശേഷം പറഞ്ഞു വിടും. പിന്നെയും തുടരുന്നു ഗുണ്ടാ പടയുടെ ഭീഷണി.

ചെറിയ ചെറിയ കർഷകരാണ് അവിടെ താമസിക്കുന്നത്. ചിലരാവട്ടെ കൊഞ്ച് കൃഷി ചെയ്യുന്നു. ഗുണ്ടാപ്പട അവരുടെ സ്ഥലം പിടിച്ചെടുക്കും ​കൊടുത്തില്ലെങ്കിൽ അതിലേക്ക് മലിന ജലം കടത്തി വിടും. ഇങ്ങനെ ഏതാണ്ട് ഒരു ​സംസ്ഥാനത്തിനകത്ത് രാജ്യത്തിനകത്ത് മറ്റൊരു ​സംസ്ഥാനം ( state within a state ) എന്ന നിലയിൽ കാര്യങ്ങൾ നീങ്ങുകയായിരുന്നു. അപ്പോഴാണ് സ്ത്രീകൾ സഹികെട്ട് തെരുവിലിറങ്ങി ഗുണ്ടാപ്പടയെ വെല്ലുവിളിച്ചത്.

പക്ഷെ ഗുണ്ടാപ്പട തിരിച്ചടിച്ചു. ഇത്‌ വലിയ പ്രശ്നമായി. സർക്കാർ ആവട്ടെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന നില വന്നു. സ്ത്രീകളെ പോലീസ് കള്ള കേസിൽ കുടുക്കി. അവരുടെ ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്തു. ബംഗാൾ മഹോത്സവത്തിന് നേതൃത്വം നൽകാൻ ​കേരളത്തിലായിരുന്ന ഗവർണർ സിവി ആനന്ദബോസ് കേരളത്തിലെ തന്റെ പരിപാടിക​ൾ റദ്ദാക്കി പെട്ടന്ന് ബംഗാളിലേക്ക് ​മടങ്ങി. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ​നേരേ പോയത് ​സന്ദേശ് ഗലിയിലേക്കാണ്.​

അവിടെ എത്തുക അത്ര എളുപ്പമല്ല. റോഡ് അവസാനിക്കു​ന്നിടത്തു നിന്ന് കടത്ത് കടന്നു വേണം ഇവിടെ എത്താൻ. അങ്ങനെ കടത്ത് കടന്ന് ആനന്ദ ബോസും സംഘവും അവിടെ എത്തി. നൂറുകണക്കിന് സ്ത്രീകൾ അവിടെ തടിച്ചു കൂടി. അവർ ഗവർണറുടെ കാലിൽ തൊട്ടു പറഞ്ഞു ‘ ഞങ്ങളെ രക്ഷിക്കണം ‘. ഞങ്ങൾക്ക് ​ഇപ്പോൾ ഗവണ്മെന്റിൽ വിശ്വാസമില്ല. ഗവർണറിൽ മാത്രമേ വിശ്വാസമുള്ളൂ.

ആ ഗ്രാമം മുഴുവൻ അദ്ദേഹം നടന്നു. എല്ലാവരുമായി സംസാരിച്ചു. നൂറ് കണക്കിന് സ്ത്രീകൾ ആവലാതികളുമായി വന്നു. അതെല്ലാം സശ്രദ്ധം കേട്ടു. അവർക്ക് ധൈര്യം നൽകി. സ്ത്രീകളിൽ ചിലർ അദ്ദേഹത്തെ സഹോദരനായി സ്വീകരിച്ചു രാഖി കെട്ടി. സന്തോഷപൂർവ്വം അദ്ദേഹമത് സ്വീകരിച്ചു.. എന്നിട്ട് വളരെ വികാര നിർഭരനായി പറഞ്ഞു, ഇന്ന് മുതൽ ഞാൻ നിങ്ങളുടെ ഗവർണർ മാത്രമല്ല. ഞാൻ നിങ്ങളുടെ സഹോദരനാണ്. സഹോദരിയുടെ മാനം കാക്കാനുള്ള ചുമതല സഹോദരനുണ്ട്. ഞാനത് സ്വയം ഏറ്റെടുക്കുന്നു. നമുക്കൊന്നിച്ചു നിന്ന് ഈ ഗുണ്ടാപ്പടയെ നേരിടാം. വിജയം നിങ്ങളുടേതാണ് .

സന്ദേശ് ഗലിയിലെ സന്ദർശനത്തിന് ശേഷം തിരികെ ആനന്ദ ബോസ് കടത്തുബോട്ടിൽ കയറുമ്പോൾ ആ ഗ്രാമം മുഴുവൻ അവിടെ നിന്ന് അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇതിനിടയിൽ ​വൃദ്ധയായ ​ഒരു സ്ത്രീ മുല്ലപ്പൂ കൊണ്ട് ഒരു വെളുത്ത​മാല അദ്ദേഹത്തിന് ചാർത്തി​. അവർ പറഞ്ഞു – ഈ വെളുത്ത മാല സമാധാനത്തിന്റെ പ്രതീകമാണ്. നമുക്ക് നമ്മുടെ ഗവർണറിൽ നിന്നും സമാധാനം കിട്ടും എന്നുറപ്പാണ്.
ഓം ശാന്തി, ശാന്തി ശാന്തി​. അന്തരീക്ഷം സ്ത്രീകളുടെ വിളികളാൽ മുഖരിതമാ​യി.

ആ സ്ഥലത്തു പോകരുത് എന്ന്​ തൊട്ടുമുമ്പ് മുഖ്യമന്ത്രി മമത ബാനർ​ജി ആനന്ദബോസിനോട് അഭ്യർത്ഥിച്ചിരുന്നു​,.​ സ്നേഹപൂർവ്വം​ ആ അഭ്യർത്ഥന നിരസിച്ചു കൊണ്ട് സന്ദേശ് ഗലിയിലേക്കു ആനന്ദബോസ് പോയി.​ എന്നാൽ വാർത്താ മാധ്യമങ്ങളോട് ഗവണ്മെന്റിനെയോ മുഖ്യമന്ത്രിയെയോ തള്ളിയൊന്നും പറഞ്ഞില്ല. പക്ഷെ ഈ ക്രൂരത അവസാനിപ്പിക്കുമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നും ആനന്ദബോസ് വ്യക്തമാക്കി .

​അതേസമയം അദ്ദേഹം സർക്കാരിന് ഒരു രഹസ്യ സന്ദേശം നൽകി. അതിന്റ ഉള്ളടക്കം അറിയില്ല. ഇതിനു ശേഷം നേരെ ഡൽഹിക്ക് പോയി. ഡൽഹിയിൽ എന്താണ് അദ്ദേഹത്തിന്റെ ദൗത്യം എന്നും വ്യക്തമല്ല.. പക്ഷെ ഇതുപോലുള്ള സന്ദർഭം വരുമ്പോൾ കാണേണ്ടവരെ കണ്ടു വേണ്ടത് ചെയ്യുക എന്നൊരു ശൈലി ആനന്ദബോസിനുള്ളതായി നാട്ടുകാർക്കറിയാം​.