ബംഗാളിനായി പോരാടുന്ന തന്നെ തളയ്ക്കാന്‍ ഒരു എജന്‍സിക്കും സാധിക്കില്ല: സിബിഐ അന്വേഷണത്തില്‍ പ്രതികരിച്ചു മമത ബാനര്‍ജി

കല്‍ക്കരി ഖനി ഇടപാടിലെ സിബിഐ അന്വേഷണത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കുമ്പോൾ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേർക്കുനേർ. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിനെ കൊള്ളയടിച്ചതിന്റെ ശിക്ഷ മമത ബാനര്‍ജിക്കു ഉടന്‍ കിട്ടും എന്ന് വിമര്‍ശിച്ചു.
ബംഗാളിനായി പോരാടുന്ന തന്നെ തളയ്ക്കാന്‍ ഒരു എജന്‍സിക്കും സാധിക്കില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. പുറത്തുനിന്ന് വന്നവര്‍ ബംഗാളിന്റെ പുത്രിയെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ ചെറുക്കും എന്നായിരുന്നു സിബിഐ അന്വേഷണ വിഷയത്തിലെ തൃണമുല്‍ നിലപാട്.

അതേസമയം, കല്‍ക്കരി ഖനി അഴിമതി കേസില്‍ സമന്‍സ് കൈപറ്റിയ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജി ഇന്ന് സിബിഐയ്ക്ക് മുന്നില്‍ ഹാജരാകും. ഇന്നലെ സുചിരയുടെ സഹോദരി മേനക ഗംഭീറിനെ സിബിഐ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രുചിരയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതാനും പ്രധാന നേതാക്കളെ കൂടി അടുത്ത ദിവസം സിബിഐ ചോദ്യം ചെയ്യും എന്നാണ് വിവരം.