‘ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല; അതിജീവതയ്ക്കെതിരെ മംമ്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി നടി മംമ്ത മോഹൻദാസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  രണ്ട് വശങ്ങളുണ്ടെന്നാണ് മംമ്ത പറയുന്നത്.  ചുരുക്കം ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ലെന്നും ഒരു സ്വകാര്യാ ചാനലിന്  നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞു.

എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് രണ്ട് വശത്തുള്ളവരും കാരണക്കാരാണെന്നും മംമ്ത ആരോപിച്ചു.യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ, അയാളെക്കുറിച്ച് നേരത്തെ തന്നെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെൺകുട്ടിക്കുണ്ടെന്ന് താരം പറയുന്നു. ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതകള്‍ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് മംമ്തയുടെ വിവാദ പരാമര്‍ശങ്ങള്‍.

” പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്,” മംമ്‌ത പറഞ്ഞു. “യഥാര്‍ത്ഥ ഇര പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. അത് വളരെ പതുക്കെ നടക്കുന്ന പ്രോസസ് ആണ്. നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാന്‍ ഒരു യഥാര്‍ത്ഥ ഇരക്ക് സാധിക്കില്ല. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേര്‍ എടുത്ത് ചാടിയാല്‍ അത് ആ പ്രശ്‌നത്തെ പരിഹരിക്കില്ല. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം”, മംമ്ത മോഹൻദാസ് പറഞ്ഞു.

ഡബ്ല്യൂസിസിക്ക് എതിരെയും മംമ്ത രൂക്ഷവിമർശനം നടത്തി. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവർ സംഘടനയിൽ ഉണ്ടെന്നാണ് മംമ്ത പറയുന്നത്. അവരവരുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഇരകൾക്ക് വേണ്ടി യഥാർത്ഥമായി നിൽക്കാനായാൽ, ഡബ്ല്യൂസിസിയ്ക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും നടി കൂട്ടിച്ചേർത്തു.