സഹോദരിയുമായി പ്രണയം, കാമുകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി സഹോദരന്‍, സംഭവം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡില്‍ കഴുത്തിന് വെട്ടി വീഴ്ത്തി. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ എന്ന 19 കാരനാണ് വെട്ട് ഏറ്റത്. ഗുരുതരമായി പരുക്കു പറ്റിയ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിനെ ആക്രമിച്ച കാമുകന്റെ സഹോദരനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അഖിലും യുവതിയുമായി നാളുകളായി പ്രണയത്തിലായിരുന്നു. പ്ലസ്ടു പഠന കാലം മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ സഹോദരന്‍ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു. ഇതോടെയാണ് യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് അഖിലിനെ വെട്ടി പരുക്കേല്‍പ്പിച്ചത്.

മൂവാറ്റുപുഴ 130 കവലയ്ക്ക് സമീപമാണ് സംഭവം ഉണ്ടാകുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ അഖിലിനെ ബേസില്‍ വെടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിലും കയ്യിലും വെട്ടേറ്റ അഖിലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സഹോദരന്‍ വടിവാളുമായി വീട്ടില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പോലീസ് പറഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.