മകൾ മരിച്ച ഉടനെ പിതാവിനും ​ദാരുണാന്ത്യം, പിതാവ് അപകടത്തിൽപ്പെട്ടത് ഏകമകളെ ആശുപത്രിയിലെത്തിക്കാൻ‌ പോകുംവഴി

ഏക മകളെ ആശുപത്രിയിലെത്തിക്കാൻ പോകും വഴി പിതാവിന് ദാരുണാന്ത്യം. മകളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു കണ്ണൂർ മാട്ടൂൽ സൗത്ത് മുക്കോലക്കകത്ത് മുഹമ്മദ് ബിലാൽ. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. മകൾ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടർന്ന് മാട്ടൂൽ സൗത്തിലെ സ്വന്തം വീട്ടിൽനിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാൽ. എന്നാൽ റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൽ ശ്രമിക്കവേ നിയന്ത്രണംവിട്ട കാർ സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാല് മാസം പ്രായമായ ഷെസ ഫാത്തിമ മാസം തികയാതെയാണ് ജനിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞും ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തിൽ വീട്ടുകാർ കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെയും രക്ഷിക്കാനായില്ല. ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം മൂന്ന് മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂൽ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഇരുവരെയും മൃതദേഹം മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ ഖബറടക്കി.

പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്‌സത്തിന്റെയും മകനാണ് ബിലാൽ. ഭാര്യ: കാക്കണ്ടി ഷംഷീറ. ദുബായിൽ െ്രെഡവറായി ജോലിചെയ്തുവരികയായിരുന്നു മുഹമ്മദ് ബിലാൽ. മൂന്നുമാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് തിരിച്ചുപോകാൻ പറ്റിയിരുന്നില്ല.