ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: മനുഷ്യർക്ക് പകരം സമാന ഭാരമുള്ള ഡമ്മികൾ

സാറ്റേൺ V റോക്കറ്റായിരുന്നു മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത്. അഞ്ചു പതിറ്റാണ്ടിനു ശേഷം വീണ്ടും മനുഷ്യൻ ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സ്‌പേസ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എൽഎസിലാണ് ആ ദൗത്യത്തിനൊരുങ്ങുന്നത്. 23,000 കോടി ഡോളർ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവഴിച്ച് അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബർട്ടിയേക്കാൾ ഉയരത്തിൽ നിർമിച്ച റോക്കറ്റാണ് എസ്എൽഎസ് എന്നതാണ് പ്രത്യേകത. അപ്പോളോ ദൗത്യത്തിൽ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച സാറ്റേൺ V റോക്കറ്റ് പല കാര്യങ്ങളിലും എൽഎൽഎസിനോട് കിടപിടിക്കുന്നുവെന്നതാണ് ഇപ്പോഴും ശ്രദ്ധേയം.

സാറ്റേൺ V റോക്കറ്റായിരുന്നു 1969 ൽ നീൽ ആംസ്‌ട്രോങ്ങിനേയും ബസ്സ് ആൽഡ്രിനേയും മൈക്കൽ കോളിൻസിനേയും ചന്ദ്രനിലേക്ക് സുരക്ഷിതമായി എത്തിച്ചത്. സാറ്റേൺ V അന്നും ഇന്നും ബഹിരാകാശ ശാസ്ത്ര രംഗത്തെ അദ്ഭുതമാണ്. എസ്എൽഎസിന്റെ ഉയരം 98 മീറ്ററാണ്. എന്നാൽ സാറ്റേൺ V ഉയരത്തിന്റെ കാര്യത്തിൽ 110 മീറ്ററോടെ ഒരുപടി മുന്നിൽ നിൽക്കുന്നു. ഭാരം നോക്കിയാലും സാറ്റേൺ V ( 28 ലക്ഷം കിലോഗ്രാം ) എസ്എൽഎസിനേക്കാൾ ( 25 ലക്ഷം കിലോഗ്രാം ) മുന്നിലാണ്.

ഉത്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ കാര്യത്തിൽ എസ്എൽഎസ് ആണ് മുന്നിൽ. എസ്എൽഎസിന്റെ നാല് ആർഎസ് 25 എൻജിനുകൾ ചേർന്ന് 39.1 മെഗാന്യൂട്ടൺസ് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുകയെങ്കിൽ സാറ്റേൺ Vയുടെ മുന്നോട്ടുള്ള തള്ളൽ ശേഷി 34.5 മെഗാ ന്യൂട്ടൺസ് മാത്രമാണ്. ഇതു തന്നെയാണ് മനുഷ്യൻ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റായി എസ്.എൽ.എസിനെ മാറ്റിയിരിക്കുന്നത്.

വേഗതയുടെ കാര്യത്തിലും എസ്.എൽ.എസിന് മുൻതൂക്കമുണ്ട്. മണിക്കൂറിൽ 39,500 കിലോമീറ്ററാണ് എസ്.എൽ.എസിന്റെ പരമാവധി വേഗതയെങ്കിൽ സാറ്റേൺ Vന്റേത് മണിക്കൂറിൽ 28,000 കിലോമീറ്ററായിരുന്നു. 23 ബില്യൺ ഡോളറാണ് എസ്.എൽ.എസിനായി നാസ ചിലവിട്ടതെങ്കിൽ 1960കളിൽ 6.4 ബില്യൺ ഡോളറായിരുന്നു സാറ്റേൺ Vയുടെ ചിലവ്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ ഇത് 51.8 ബില്യൺ ഡോളറായി ഉയരുമെന്നാണ് കരുതേണ്ടത്.

ജനുവരി 1961ലാണ് സാറ്റേൺ Vയുടെ നിർമ്മാണം ആരംഭിച്ചത്. 1967 നവംബറിൽ റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. വിരമിക്കുന്നതിന് മുമ്പ് 13 തവണ സാറ്റേൺ V വിജയകരമായി വിക്ഷേപിക്കപ്പെട്ടു. എസ്.എൽ.എസ് 2011ൽ നാസ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി നിർമ്മാണത്തിലേക്ക് കടക്കാൻ പിന്നെയും എട്ടു വർഷം എടുത്തു. അപ്പോളോ ദൗത്യത്തിന്റെ കാലത്തേക്കാൾ സാങ്കേതികമായി ഏറെ മുന്നോട്ടുപോയെങ്കിലും നിർമ്മാണ വേഗതയിൽ സാറ്റേൺ V തന്നെയാണ് എസ്.എൽ.എസിനേക്കാൾ മുന്നിൽ. സാറ്റേൺ V ഓരോ തവണ വിക്ഷേപിക്കുന്നതിനും 185 മില്യൺ ഡോളർ (ഇന്നത്തെ 1.49 ബില്യൺ ഡോളർ) ചിലവു വരുമെങ്കിൽ എസ്.എൽ.എസ് വിക്ഷേപണത്തിന് 4.1 ബില്യൺ ഡോളറാണ് ചിലവ് വരുക.

അപ്പോളോ 11 ദൗത്യം നിർവഹിച്ച സാറ്റേൺ V റോക്കറ്റിൽ സഞ്ചാരികൾ ഇരുന്ന കമാൻഡ് മൊഡ്യൂളിന് കൊളംബിയ എന്നാണ് പേര് ഇട്ടിരുന്നത്. പരമാവധി മൂന്ന് പേർക്കായിരുന്നു കൊളംബിയയിൽ സഞ്ചരിക്കാനാവുന്നത്. എസ്.എൽ.എസ് റോക്കറ്റിൽ ഒറിയോൺ സ്‌പേസ് ക്രാഫ്റ്റിലാണ് സഞ്ചാരികൾ ഇരിക്കുക. നാല് പേർക്ക് ഒറിയോണിൽ സഞ്ചരിക്കാൻ കഴിയും.

സാറ്റേൺ V റോക്കറ്റും എസ്.എൽ.എസും തമ്മിൽ പ്രധാന വ്യത്യാസം വരുന്നത് കമ്പ്യൂട്ടറിന്റെ കാര്യത്തിലാണ്. അപ്പോളോയിൽ ആകെ ഒരു ഫ്‌ളൈറ്റ് കമ്പ്യൂട്ടർ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഒറിയോണിൽ ഒരേസമയം പ്രവർത്തിക്കാവുന്ന രണ്ട് ഫ്‌ളൈറ്റ് കമ്പ്യൂട്ടറുകളുണ്ട്. ഇവയുടെ വേഗതയും മെമ്മറിയും അപ്പോളോ ദൗത്യത്തിന്റെ കാലത്ത് സ്വപ്‌നം കാണാൻ ആവാത്തതുമാണ്. അപ്പോളോ കാലത്തെ കമ്പ്യൂട്ടറിനേക്കാൾ 20,000 ഇരട്ടി വേഗതയും 1.28 ലക്ഷം ഇരട്ടി മെമ്മറിയും എസ്.എൽ.എസിലെ കമ്പ്യൂട്ടറുകൾക്ക് കൂടുതലുണ്ട്.

ഫ്‌ളോറിഡയിലെ വിക്ഷേപണ തറയിലേക്ക് ഓഗസ്റ്റ് 18ന് എസ്എൽഎസ് റോക്കറ്റിനെ എത്തിക്കാനാണ് നാസയുടെ തീരുമാനിച്ചിരിക്കുന്നത്. നാസ കെന്നഡി യുട്യൂബ് ചാനലിൽ ഇതിന്റെ തത്സമയ സംപ്രേക്ഷണവും ലഭ്യമായിരിക്കും. ഓഗസ്റ്റ് 29നാണ് എല്ലാവരും കാത്തിരിക്കുന്ന എസ്എൽഎസ് റോക്കറ്റിന്റെ ഓറിയോൺ പേടകവും വഹിച്ചുകൊണ്ടുള്ള വിക്ഷേപണം തീരുമാനിച്ചിട്ടുള്ളത്. ഇത്തവണ മനുഷ്യർക്ക് പകരം സമാന ഭാരമുള്ള ഡമ്മികളായിരിക്കും ഉണ്ടാവുക. ചന്ദ്രനെ ചുറ്റി വരുന്ന മനുഷ്യരേയും വഹിച്ചുള്ള രണ്ടാം ആർട്ടിമിസ് ദൗത്യത്തിനും ശേഷം 2025ലാണ് ആർട്ടിമിസ് മൂന്നാം ദൗത്യം നടക്കുക. ആർട്ടിമിസ് മൂന്നാം ദൗത്യത്തിൽ ഒരു വനിത ഉൾപ്പടെ രണ്ടു പേർ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ ഒരാഴ്ച ചന്ദ്രനിൽ കഴിയും.