മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ പിന്‍മാറി

കല്‍പ്പറ്റ: മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ച മണിക്കുട്ടന്‍ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

“തിരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ല. അതിനാല്‍ ഈ സ്ഥാനാര്‍ഥിത്വം സന്തോഷപൂര്‍വം നിരസിക്കുന്നു. ഞാന്‍ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു,” മണിക്കുട്ടന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം ഡോ.ബി.ആര്‍ അംബേദ്കറിന്റെ വാചകങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. “ഈ കാണുന്ന വിളക്കു കാലില്‍ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല,” എന്ന വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

എം.ബി.എ ബിരുദധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗോത്രമിഷന്റെ ടീച്ചിങ്ങ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത്. പണിയ സമുദായത്തിലെ ആദ്യ എം.ബി.എക്കാരനുമാണ് മണികണ്ഠന്‍.