ഫോണ്‍ ചോര്‍ത്തി ; സിസോദിയയെ വിചാരണചെയ്യാന്‍ അനുമതി നൽകി കേന്ദ്രം

ന്യൂഡല്‍ഹി : ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സിസോദിയയെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ ചോര്‍ത്തൽ കേസും അദ്ദേഹത്തിന് വിനയാകുന്നത്.

സിസോദിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്‌സേന അനുമതി നല്‍കിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി തേടിയത്.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ശേഷം 2015ല്‍ രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) രൂപവത്കരിച്ചുവെന്ന റിപ്പോര്‍ട്ടിലാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് എന്നാണ് പരാതി.