ഹണിമൂണിന് അവിടേക്ക് പോകുമോ എന്ന് ചോദ്യം, കിടിലന്‍ മറുപടി കൊടുത്ത് മണികണ്ഠനും ഭാര്യയും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണികണ്ഠന്‍ ആചാരി. ലോക്ഡൗണ്‍ സമയം ഏപ്രില്‍ 26നായിരുന്നു മണികണ്ഠന്റെ വിവാഹം. സോഷ്യല്‍ മീഡിയകളിലൂടെ വിവാഹമാണെന്ന് മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു. പ്രണയത്തിനൊടുവില്‍ തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജലിയെയാണ് മണികണ്ഠന്‍ ജീവിത സഖിയാക്കിയത്. നിരവധി പേര്‍ മണികണ്ഠന് വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മണികണ്ഠനും അഞ്ജലിയും രംഗത്തെത്തി. ഒരു മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. പുതിയ ചിത്രങ്ങളെ കുറിച്ചും ലോക് ഡൗണിനിടെ വിവാഹം നടത്തിയതിനെ കുറിച്ചുമൊക്കെ ഇരുവരും വാചാലരായി. വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍ ഇരുവരും. ഇനി വൈകിപ്പിക്കാതെ നിശ്ചയിച്ച ദിനത്തില്‍ തന്നെ നടത്താനായി തീരുമാനിക്കുകയായിരുന്നു. – മണികണ്ഠന്‍ പറഞ്ഞു.

ലോക് ഡൗണില്‍ വിവാഹം നടത്തിയതില്‍ സങ്കടമുണ്ടോയെന്ന ആരാധകന്റെ ചോദ്യത്തിന് ഇവള്‍ക്കാണ് സങ്കടം തോന്നേണ്ടതെന്നായിരുന്നു മണികണ്ഠന്റെ മറുപടി. താന്‍ ഹാപ്പിയാണെന്നായിരുന്നു അഞ്ജലി പ്രതികരിച്ചത്. രണ്ടാളും അകലം പാലിക്കാത്തതെന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഞങ്ങളോട് തന്നെ ഇത് പറയണോയെന്നായിരുന്നു അഞ്ജലിയുടെ മറുപടി ചോദ്യം. മമ്മൂട്ടിയും മോഹന്‍ലാലും ആശംസകള്‍ അറിയച്ചതിനെ കുറിച്ചും ഇരുവരും പറഞ്ഞു. മമ്മൂട്ടി വീഡിയോ കോളിലൂടെയാണ് ആശംസ അറിയിച്ചത്. ആകെ ഞെട്ടലിലായിരുന്നു ഞങ്ങള്‍. അത് തന്റെ മുഖത്ത് കാണാനുണ്ടെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്. ഞാനും എക്‌സൈറ്റഡായിരുന്നു എന്ന് മണികണ്ഠനും പറഞ്ഞു. മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചിരുന്നു. ആ സമയത്ത് ഫോണ്‍ ഒരു ബന്ധുവിന്റെ കൈയ്യിലായിരുന്നു. ആരാണെന്നറിയാതെയാണ് മണികണ്ഠന്‍ തിരക്കിലാണെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹത്തെ അങ്ങോട്ട് വിളിക്കുകയായിരുന്നു. അഞ്ജലിയോട് കുറേ നേരം സംസാരിച്ചിരുന്നു അദ്ദേഹം.- മണികണ്ഠന്‍ പറഞ്ഞു.

വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് ആശാനാണ്. രാജീവ് രവിയെ താന്‍ ആശാനായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു. തുറമുഖത്തിലെ കഥാപാത്രത്തിനെക്കുറിച്ച് പറയാനറിയില്ല. മറ്റുള്ളവര്‍ സ്വപ്‌നതുല്യമായി കണക്കാക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണയവിവാഹമാണ് ഞങ്ങളുടേത്. ഈ പരിസരത്തൊക്കെ നേരത്തെ വന്നിട്ടുണ്ട്. ഇവളെ മുന്‍പ് കണ്ടിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ചില പൊട്ടിത്തെറികളൊക്കെ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. അതൊക്കെ നേരിട്ടാണ് ഇവിടെ വരെയെത്തിയതെന്നും ഇരുവരും പറഞ്ഞു. ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തോ, എങ്ങോട്ടേക്കാണ് ആദ്യയാത്രയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിനിടയിലാണ് ഒരാള്‍ കമ്മട്ടിപ്പാടത്തേക്ക് പോയിക്കൂടേയെന്ന് ചോദിച്ചത്. അത് നല്ല നിര്‍ദേശമാണെന്നും ഞങ്ങള്‍ അങ്ങോട്ട് പോയിരിക്കുമെന്നും ഇരുവരും പറഞ്ഞു. ആ പരിസരത്തുളളവര്‍ ആരെങ്കിലും കാണുന്നുണ്ടോയെന്നും മണികണ്ഠന്‍ ചോദിച്ചിരുന്നു.