നടന്‍ മണികണ്ഠന്‍ വിവാഹിതനായി, ലളിതമായി വിവാഹ ചടങ്ങുകള്‍

കമ്മട്ടിപ്പാടം എന്ന ചിത്ത്രതിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയിലെ അഭിനയത്തിന് താരത്തിന് പല പുരസ്‌കാരങ്ങളും ലഭിച്ചു. ഇപ്പോള്‍ മണികണ്ഠന്‍ വിവാഹിതനായിരിക്കുകയാണ്. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് വധു. ലോക്ക് ഡൗണ്‍ നിയന്തത്രണങ്ങള്‍ കാരണം വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ ചിലവിനായി കരുതിയിരുന്ന തുക നടന്‍ കൊറോണ ദുരന്തത്തിൽ കെടുതി അനുഭവിക്കുന്നവർക്കാരി നല്കുകയും ചെയ്തു.

ആറ് മാസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങള്‍ മണികണ്ഠന്‍ പങ്കുവച്ചിരുന്നു.

‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.