ഗായിക മഞ്ജരി രണ്ടാമത് വിവാഹിതയായി, വരന്‍ ബാല്യകാല സുഹൃത്ത്

പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. മഞ്ജരിയുടെ ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്ത് വരികയാണ് ജെറിന്‍, മസ്‌കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ മഞ്ജരിയും ജെറിനും ഒരുമിച്ച് പഠിച്ചവരാണ്. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. വിവാഹവാര്‍ത്തയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.

നിരവധി ആരാധകരുള്ള ഗായികയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാല്‍ , പിണക്കമാണോ , ആറ്റിന്‍ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് നേടി. വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടുമാണ് മലയാളി പ്രേക്ഷകരുടെ മനം മഞ്ജരി കവര്‍ന്നത്.