കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം, ബിനു അടിമാലിയെ തിരുത്തി മഞ്ജു

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.

ഇപ്പോഴിതാ പൊതുവേദിയിൽ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കുന്ന മഞ്ജു പത്രോസിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ബോഡി ഷെയിമിങ്ങിനെ അനുകൂലിക്കുന്ന രീതിയിൽ സംസാരിച്ച നടൻ ബിനു അടിമാലിയെ തിരുത്തിക്കൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. ‘

ഇതൊരു ചർച്ചയാക്കാൻ എനിക്ക് താൽപര്യമില്ല. പക്ഷെ ഈ സദസിൽ ഇരിക്കുമ്പോൾ, ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ആണെന്നത് കൊണ്ട് മാത്രം പറയുകയാണ്. അവരെല്ലാം കലാകാരന്മാരാണ്, വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്,’

‘ഇതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല. ഞാൻ എന്തോ കുറഞ്ഞ ആളാണ്‌ എന്ന ചിന്താഗതി എന്നിലേക്ക് അന്ന് മുതലേ ഇൻജെക്റ്റ് ചെയ്ത് തന്നിരിക്കുകയാണ്. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ള,’

‘എന്റെ മകൻ കുറച്ചു കറുത്തിട്ടാണ്. പക്ഷെ അവൻ അതിൽ കോൺഷ്യസ് അല്ല. അത് ഭാഗ്യം. പക്ഷെ ഞാൻ അനുഭവിച്ചതൊക്കെ എന്റെ കുഞ്ഞ് അനുഭവിക്കേണ്ടി വരുമോ, ഇത്രയും അപകടം പിടിച്ച സമൂഹത്തിൽ ആണല്ലോ അവൻ എന്നൊരു ആവലാതി എനിക്കുണ്ട്. ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ട്,’

‘ഞാൻ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് പറയുന്നതാണ്. എനിക്ക് അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല. ഒരു തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കാനുള്ള ഉത്തരവാദിത്തം കലാകാരനും എഴുത്തുകാരനും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം തമാശകൾ അനാരോഗ്യകരമായ ഒരു തലമുറയെ കൂടിയാണ് സൃഷ്ടിക്കുന്നത്,’ ‘പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞതിന്റെ ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് ഇറങ്ങി പോയതെന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജു പത്രോസ് പറഞ്ഞു. നിരവധിപേർ വീഡിയോക്ക് താഴെ മഞ്ജുവിന് കയ്യടിക്കുന്നുണ്ട്.