വല്ലാത്ത ക്ഷീണവും മുടി കൊഴിച്ചലും ഉണ്ടായി, എല്ലാം അവഗണിച്ചതിനാൽ സർജറി വേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.

അടുത്തിടെ മഞ്ജുവിന് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. സീരിയസ് ആയ ശസ്ത്രക്രിയ എന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞിരുന്നത്. ഈ അവസരത്തിൽ തനിക്ക് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച്‌ നടി ഒരുഅഭിമുഖത്തിൽ പറയുകുണ്ടായി. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നമ്മുടെ ശരീരം പലതരം ലക്ഷണങ്ങൾ കാണിച്ചു തരുമെന്നും അക്കാര്യം അപ്പോൾ തന്നെ മനസിലാക്കി ചികിത്സ തേടണമെന്നും മഞ്ജു പത്രോസ് പറയുന്നു.

‘ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ ഞാൻ വിയർക്കുന്നത് ആയിരുന്നു ആദ്യ ലക്ഷണം. ഒന്നര വർഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചിൽ, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു. പക്ഷെ തിരക്കുകൾക്ക് ഇടയിൽ അതൊന്നും ഞാൻ കാര്യമാക്കിയില്ല. ഈ ലക്ഷണങ്ങൾ അവഗണിച്ചതാണ് തന്റെ ഗർഭപാത്രം നീക്കം ചെയ്യാൻ ഇടയാക്കിയത്. തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ല.ഏറെ നാളത്തെ രക്തസ്രാവവും തുടർന്ന് ബ്രൗൺ നിറത്തിലുള്ള ഡിസ്ചാർജും വരാൻ തുടങ്ങി. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്.

സ്‌കാനിങ്ങിൽ എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടർ പരിശോധന നടത്തി. അതിലാണ് ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകൾ വലുതായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഗർഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സർജറി ചെയ്യുമ്ബോഴാണ് ഓവറിയിലും പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. ഒടുവിൽ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോൾ സർജറി ആയിരുന്നു’;മഞ്ജു പത്രോസ് തുറന്നു പറഞ്ഞു.