എത്ര മനോഹരമായ നടക്കാത്ത സ്വപ്നം, പക്ഷേ നടന്നു, പുതിയ കാർ സ്വന്തമാക്കി മനോജ് കെ. ജയൻ

സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് നടൻ മനോജ് കെ ജയൻ. അതും കേരളത്തിലല്ല, യുകെയുടെ നിരത്തിൽ ഓടാനാണ് തന്റെ ഡ്രീം കാർ മനോജ് കെ ജയൻ സ്വന്തമാക്കിയത്. ടെസ്ലയുടെ മോഡൽ 3 കാറാണ് മനോജ് കെ ജയൻ സ്വന്തമാക്കിയത്.

“എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു. ടെസ്ല. ഇന്നുമുതൽ യുകെയിലെ എന്റെ ഫാമിലി മെമ്പർ. ലോകത്തെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കാനായത് ഭാഗ്യമായി കരുതുന്നു,” എന്നാണ് മനോജ് കെ ജയൻ കുറിക്കുന്നത്. മക്കളുടെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട് യുകെയിലും കേരളത്തിലുമായാണ് മനോജ് കെ ജയനും കുടുംബവും താമസം.

മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.