മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു, കൽപ്പനയെക്കുറിച്ച് മനോജ് കെ ജയൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. ഇപ്പോഴിതാ ചരമവാർഷിക ദിനത്തിൽ നടൻ മനോജ് കെ ജെയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഓർമ്മപ്പൂക്കൾ, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം, മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും, സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമമെന്നാണ് ‘ മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.