കൊവിഡ്: തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മരിച്ചു

ഛത്തീസ്ഗഡിൽ തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. 52കാരനായ ഹരിഭൂഷൺ ആണ് മരിച്ചത്. നോർത്ത് തെലങ്കാന മാവോയിസ്റ്റ് സ്റ്റേറ്റ് സ്പെഷ്യൽ സോണൽ കമ്മറ്റി സെക്രട്ടറിയും ദേശീയ കമ്മറ്റി അംഗവുമാണ് ലക്മു ദാദ എന്ന് അറിയപ്പെട്ടിരുന്ന ഹരിഭൂഷൺ. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലായിരുന്നു ഹരിഭൂഷണിൻ്റെ പ്രവർത്തനങ്ങൾ.

ജൂൺ 21ന് ഹരിഭൂഷൺ മരണപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മരണം മാവോയിസ്റ്റുകൾ സ്ഥിരീകരിച്ചിട്ടില്ല. ഹരിഭൂഷൻ ഉൾപ്പെടെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.