പിണറായി മരണത്തിന്റെ വ്യാപാരി; വയനാട്ടില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍; അന്വേഷണം

കല്‍പ്പറ്റ: കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വ്യക്തമാക്കുന്ന മാവോയിസ്റ്റ് ലഘുലേഖ പ്രചരിപ്പിച്ച സംഘത്തിനായി പൊലീസ് അന്വേഷണം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തിയാണ് ഈ ലഘുലേഖകള്‍ വിതരണം ചെയ്തത്. പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയാണെന്നും മാവോയിസ്റ്റ് ലഘുലേഖയില്‍ പറയുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തു.

‘മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെയിനി സോഷ്യല്‍ ഫാസിസ്റ്റ് എന്നോ മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങള്‍ മനുഷ്യന്‍റെ കരള്‍ കൊത്തിവലിക്കുന്ന കഴുകനാണ്. മരണത്തിന്‍റെ വ്യാപാരിയാണ്’- ഇങ്ങനെയാണ് ലഘുലേഖയിലെ വരികള്‍. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സായുധ സംഘം എത്തിയത്. ഈ വിവരം നാട്ടുകാര്‍ തന്നെയാണ് പൊലീസില്‍ അറിയിച്ചത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമാണ് ലഘുലേഖയിലുള്ളത്.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന ആയുധധാരികളായ സംഘമാണ് കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.

അതേസമയം സിപിഐ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് വിവരം. പോലീസിലെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി കോളനിയിലെ ആളുകളില്‍നിന്ന് നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് പരിശോധന ശക്തമാക്കിയിട്ടുണ്ട്.